ശ്രീഹരിക്കോട്ട: അതിര്‍ത്തിയിലെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 38 വിക്ഷേപിച്ചു. അമേരിക്ക അടക്കം 14 രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി ഭ്രമണപഥത്തിലേക്ക് കുതിച്ചത്. ദൗത്യം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 9.29-നാണ് പിഎസ്എല്‍വി സി 38 വിക്ഷേപിച്ചത്. വിദേശ ഉപഗ്രഹങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയുടെ വാണിജ്യ വിക്ഷേപണം കൂടിയാണ് പിഎസ്എല്‍വി 38ന്റേത്. 712 കിലോ ഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ്-2 വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹം ഉള്‍പ്പെടെ 243 കിലോഗ്രാം ഭാരമുള്ള 29 വിദേശ ഉപഗ്രഹങ്ങളുമായിട്ടാണ് പിഎസ്എല്‍വി വിക്ഷേപിച്ചത്. കന്യാകുമാരി നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ ഉപഗ്രഹവും റോക്കറ്റിലുണ്ട്. 23.18 മിനിറ്റുകൊണ്ട് ദൗത്യം പൂര്‍ത്തിയാകും. ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ നാനോ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നുള്ള അറുപതാം ദൗത്യമാണിത്. 11 തവണ പ്രോജക്ട് ഡയറക്ടറായിരുന്ന നേമം സ്വദേശി ബി. ജയകുമാറിന് ഇത് അവസാന പിഎസ്എല്‍വി ദൗത്യമാണ്. പിഎസ്എല്‍വിയില്‍നിന്ന് ജിഎസ്എല്‍വി മാര്‍ക്ക്-മൂന്നിലേക്ക് മാറുന്ന അദ്ദേഹത്തിന്റെ ആദ്യ മാര്‍ക്ക് ത്രീ ദൗത്യം അടുത്ത ഫെബ്രുവരിയിലാകും. 13 തവണ പിഎസ്എല്‍വിയുടെ വെഹിക്കിള്‍ ഡയറക്ടറായിരുന്നു. ചൊവ്വാ ദൗത്യത്തിലുള്‍പ്പെടെ സുപ്രധാന പങ്കുവഹിച്ചു. ഈ ദൗത്യത്തില്‍ മറ്റൊരു മലയാളിയും മുന്‍നിരയിലുണ്ട്. പി.എസ്.എല്‍.വി. സി-38ന്റെ വെഹിക്കിള്‍ ഡയറക്ടര്‍ ആര്‍. ഹട്ടന്‍ ആലപ്പുഴ സ്വദേശിയാണ്.
പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നാലാക്രമണത്തിന് വിവരങ്ങള്‍ നല്‍കിയ കാര്‍ട്ടോസാറ്റ് ഉപഗ്രഹ ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-2. സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ മനസിലാക്കാന്‍ കരസേനയെ സഹായിച്ചത് സഹായിച്ചത് ഐഎസ്ആര്‍ഒ കഴിഞ്ഞ വര്‍ഷം ജൂണില്‍ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 2സി ഉപഗ്രഹത്തില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും ചിത്രങ്ങളുമായിരുന്നു.
ഫെബ്രുവരിയില്‍ ഐഎസ്ആര്‍ഒ ഒറ്ററോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ശ്രീഹരിക്കോട്ടയില്‍നിന്നു ഒരു വലിയ ഉപഗ്രഹവും 103 നാനോ ഉപഗ്രഹങ്ങളുമാണു പിഎസ്എല്‍വിസി 37 ഉപയോഗിച്ചു വിക്ഷേപിച്ചത്. ഇതുവരെ ഒരു ബഹിരാകാശ ഏജന്‍സിയും നൂറിലേറെ ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചിട്ടില്ല.
Discussion about this post