ബെന്‍ഗാസി (ലിബിയ): ലിബിയയില്‍ അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന അന്താരാഷ്ട്ര ആവശ്യം പാടെ തള്ളിയ മുഅമര്‍ ഗദ്ദാഫിയുടെ സേനയ്‌ക്കെതിരെ പാശ്ചാത്യസഖ്യം നടപടി തുടങ്ങി. ലിബിയന്‍ ആകാശത്ത് എത്തിയ ഫ്രാന്‍സിന്റെ യുദ്ധവിമാനങ്ങള്‍ ബെന്‍ഗാസിയില്‍ ലിബിയയുടെ നാല് സൈനിക ടാങ്കുകള്‍ക്ക് നേരേ വെടിവെപ്പ് നടത്തി. നാല് ടാങ്കുകള്‍ തകര്‍ത്തതായി ഫ്രാന്‍സ് അവകാശപ്പെട്ടു. ബ്രിട്ടീഷ് സേനയും ലിബിയയില്‍ സൈനിക നടപടി തുടങ്ങിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചു. ലിബിയയ്‌ക്കെതിരായ നടപടി ശരിയും നിയമപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിരവധി സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ഗദ്ദാഫി സേനയ്‌ക്കെതിരെ സഖ്യരാഷ്ട്രങ്ങള്‍ നടപടിക്ക് സജ്ജമായെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ജനങ്ങള്‍ക്കെതിരെയുള്ള അക്രമം നിര്‍ത്തിയില്ലെങ്കില്‍ പ്രത്യാഘാതം കടുത്തതാകുമെന്നുംം അദ്ദേഹം മുന്നറിയിപ്പ് നല്കി. നടപടിക്ക് കാലമായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും പറഞ്ഞു.
വെടിനിര്‍ത്തല്‍ നടപ്പാക്കിയെന്ന് അന്താരാഷ്ട്ര സമൂഹത്തോട് കള്ളം പറഞ്ഞ ഗദ്ദാഫി നടപടി വിളിച്ചുവരുത്തിയതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വലിയ ദുരന്തം ഒഴിവാക്കുന്നതാണ് ഗദ്ദാഫിക്ക് നല്ലതെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസിയും പറഞ്ഞു.
നടപടിയെക്കുറിച്ച് ആലോചിക്കാന്‍ പാരീസില്‍ ചേര്‍ന്ന അടിയന്തരയോഗങ്ങളില്‍ സര്‍ക്കോസി, കാമറൂണ്‍, യു.എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം, ലിബിയയിലെ െൈസനിക ഇടപെടലില്‍ റഷ്യ ഖേദം പ്രകടിപ്പിച്ചു. വെടിനിര്‍ത്തല്‍ തള്ളിക്കൊണ്ട് ഗദ്ദാഫിയുടെ സൈന്യം വിമത ആസ്ഥാനമായ ബെന്‍ഗാസിയിലാണ് ശക്തമായ ആക്രമണം നടത്തിയത്.
Discussion about this post