ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി. നിലവറ തുറക്കണമെന്ന് സുപ്രീംകോടതി. ബി. നിലവറ തുറക്കുന്നതുകൊണ്ട് ആരുടെയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ അതീവ വിലപിടിപ്പുള്ള വജ്രാഭരണങ്ങള്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ബി.നിലവറ തുറക്കാനായി ആവശ്യപ്പെട്ടത്. ബി.നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കും. ഇതുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും മുറുപടി ഉടന്‍ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതിന് പുറമെ ക്ഷേത്ര സുരക്ഷയ്ക്ക് പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ദിവസേനയുള്ള വരവ് ചെലവ് കണക്കുകള്‍ നിയന്ത്രിക്കാനായി ഫിനാന്‌സ് കണ്‌ട്രോളറെ നിയമിക്കണമെന്നും സംസ്ഥാന സര്ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ റിപ്പോര്ട്ട് സമര്പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വജ്രാഭരണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണത്തില് വീഴ്ചയുണ്ടായിട്ടുണ്ടെന്നായിരുന്നു അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയെ അറിയിച്ചത്. വജ്രാഭരണങ്ങള് കാണാതായത് സംബന്ധിച്ച് സുപ്രീംകോടതി അന്വേഷണം നടത്തണമെന്നും അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. പക്ഷേ അമിക്കസ്‌ക്യൂറിയുടെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. പോലീസ് അന്വേഷണം തുടരട്ടെയെുന്നും സുപ്രീംകോടതി പറഞ്ഞു.
Discussion about this post