ശ്രീനഗര്‍ : കശ്മീരില്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിച്ച സംഘത്തില്‍ രണ്ട് പാക് ഭീകരരും ഉള്‍പെട്ടിരുന്നുവെന്ന് സംശയിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. രണ്ട് പാക്ക് ഭീകരര്‍ ഉള്‍പ്പെടെ നാലംഗ സംഘമാണ് ഭീകരാക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പാക് പൗരനും ലഷ്‌കര്‍ ഇ തൊയ്ബ കമാന്ററായ അബു ഇസ്മായിലാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ആക്രമിച്ച ശേഷം മോട്ടോര്‍ സൈക്കിളിലാണ് ഭീകരര്‍ രക്ഷപെട്ടത്. ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള ബസ് ജൂലൈ 7 നാണ് തീര്‍ത്ഥാടകരുമായി ജമ്മുവിലെത്തിയത്. ജൂലൈ 10 നാണ് തീര്‍ത്ഥാടകര്‍ ആക്രമിക്കപ്പെട്ടത്. രണ്ട് തവണയാണ് ബസിനുനേരെ ഭീകരാക്രമണമുണ്ടായത്.
വെടിവെപ്പിനിടെ ഡ്രൈവര്‍ സലീം ഷെയ്ഖ് ബസ് മുന്നോട്ടെടുത്തെങ്കിലും 75 മീറ്റര്‍ പിന്നിടുന്നതിനിടെ ഭീകരര്‍ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ തീര്‍ത്ഥാടകരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴു പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവിരുദ്ധ നടപടി ഊര്‍ജിതമാക്കാന്‍ സുരക്ഷാ സേനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post