തൃശൂര്‍: ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ബുധനാഴ്ച വരെ സമരം തുടങ്ങേണ്ടെന്നാണ് തൃശൂരില്‍ ചേര്‍ന്ന യുഎന്‍എ യോഗം തീരുമാനിച്ചത്. ഹൈക്കോടതി നിര്‍ദേശത്തിന്റേയും മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയേയും തുടര്‍ന്നാണ് സമരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അവര്‍ അറിയിച്ചു.
നഴ്‌സുമാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തത്കാലം മാറ്റിവയ്ക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. സമരം മാറ്റിവച്ചാല്‍ സര്‍ക്കാര്‍ നഴ്‌സുമാരുമായി ഉടന്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികളെ അറിയിച്ചിരുന്നു. നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ച് ജോലിയ്ക്കു കയറണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഇന്നു പറഞ്ഞിരുന്നു. വേതന വ്യവസ്ഥകളെപ്പറ്റി ജോലിക്കു കയറിയശേഷം ചര്‍ച്ച ചെയ്യാം. എസ്മ പ്രയോഗിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടാമെന്ന് ഹൈക്കോടതിയും അറിയിച്ചിരുന്നു. മധ്യസ്ഥത ചര്‍ച്ചകള്‍ക്കായി ഹൈക്കോടതി നിയോഗിച്ച കമ്മിറ്റി ഈ മാസം 19ന് യോഗം ചേരുമെന്നും അറിയിച്ചു. ഐഎംഎയും മധ്യസ്ഥ ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതി നിശ്ചയിച്ച മിനിമം വേതനം നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ സമരം തുടങ്ങിയത്. സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Discussion about this post