തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ പിതൃപുണ്യത്തിനായി ബലിതര്‍പ്പണം ചെയ്തത് ലക്ഷക്കണക്കിനു പേര്‍. കര്‍ക്കടക അമാവാസി ദിനമായ ഇന്ന് ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും വെളുപ്പിന് 2.30 മുതല്‍ ജനങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. തിരുവല്ലം, ശംഖുംമുഖം, വര്‍ക്കല, ആലുവ എന്നിവിടങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ പിതൃതര്‍പ്പണത്തിനെത്തി. ബലിതര്‍പ്പണം ഉച്ചയ്ക്ക് 12 മണിവരെ നീണ്ടുനില്‍ക്കും.
തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ ഒരേ സമയം 5000 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്.
ശംഖുംമുഖം കടപ്പുറത്തും പുലര്‍ച്ചെ മുതല്‍ കനത്ത തിരക്കായിരുന്നു. മഴ മാറിനിന്നതിനാല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് തടസമുണ്ടായില്ല. വര്‍ക്കലയില്‍ പാപനാശത്ത് ആയിരങ്ങള്‍ ബലി കര്‍മ്മങ്ങള്‍ക്കെത്തി. ആലുവ മണപ്പുറത്ത് മുന്‍വര്‍ഷങ്ങളെക്കാള്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ബലികര്‍മ്മത്തിനും ക്ഷേത്രദര്‍ശനത്തിനുമായി പതിനായിരങ്ങളാണ് എത്തിയത്. കൊല്ലം തിരുമുല്ലവാരത്തും വമ്പിച്ച ജനസാന്നിദ്ധ്യമുണ്ടായിരുന്നു. ശിവഗിരി, അരുവിപ്പുറം, അരുവിക്കര, ആലുവ ശിവരാത്രി മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, തിരുനാവായ, കൊല്ലം തിരുമുല്ലവാരം എന്നിവിടങ്ങളിലും ആയിരക്കണക്കിന് പേര്‍ ബലിയര്‍പ്പിച്ചു.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ പാപനാശിനിയില്‍ പരേതാത്മാക്കളുടെ മോക്ഷത്തിനായി ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി.
ഹരിത പ്രോട്ടോക്കോള്‍ പ്രകാരം ചടങ്ങുകള്‍ നടക്കുന്നതിനാല്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്കും ക്യാരി ബാഗുകള്‍ക്കും തര്‍പ്പണയിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post