ന്യൂദല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ടപതി ഡോ.ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാന മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍,
എംപിമാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍, വിശിഷ്ട വ്യക്തികള്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം രാവിലെ 11ഓടെയാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലെത്തിയത്. തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്കൊപ്പം റെയ്സീനക്കുന്നില്‍ നിന്ന് ആചാരപരമായ ഘോഷയാത്രയുടെ അകമ്പടിയോടെ സെന്‍ട്രല്‍ ഹാളിലേക്കെത്തിയ കോവിന്ദിനെ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും ചേര്‍ന്ന് സ്വീകരിച്ചു.
പാര്‍ലമെന്റിലേക്ക് കടന്നപ്പോള്‍ സ്ഥാനമൊഴിയുന്ന രാഷ്ട്രപതിക്ക് അംഗരക്ഷകര്‍ സല്യൂട്ട് നല്‍കി. തിരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം രാഷ്ട്രപതിഭവനിലേക്ക് പോകുമ്പോള്‍ പുതിയ രാഷ്ട്രപതിക്ക് അംഗ രക്ഷകര്‍ സല്യൂട്ട് നല്‍കും. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ നമ്പര്‍ 10, രാജാജി മാര്‍ഗിലേക്ക് തിരിക്കും.
Discussion about this post