തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ അക്രമം. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പടെ 6 കാറുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അക്രമണം ഉണ്ടായത്.
ബിജെപി ഓഫീസിനു മുന്നില്‍ മ്യൂസിയം എസ്ഐ അടക്കം 5 പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്. അക്രമികള്‍ വന്ന ബൈക്കിന്റെ നമ്പര്‍ ശേഖരിക്കാന്‍ ശ്രമിച്ച പൊലീസുദ്യാഗസ്ഥനെ ക്രൂരമായി മര്‍ദ്ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം മറ്റു പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. പതിനഞ്ചു മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ മടങ്ങിയത്.
മൂന്നു ബൈക്കുകളിലായാണ് അക്രമികള്‍ എത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഓഫീസിനു നേരെ അക്രമികള്‍ കല്ലെറിയുകയും ചെയ്തു. കുറെ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഓഫീസിലെത്തിയ അദ്ദേഹം ഈ സമയം ഫയലുകള്‍ പരിശോധിക്കുന്നുണ്ടായിരുന്നു. സംഭവം അറിഞ്ഞ് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, കന്റോണ്‍മെന്റ് അസി കമ്മീഷണല്‍ കെ ഇ ബൈജു എന്നിവര്‍ സ്ഥലത്തെത്തി.
സംസ്ഥാന അദ്ധ്യക്ഷനെ ലക്ഷ്യം വെച്ച് ഇത് രണ്ടാം തവണയാണ് സംസ്ഥാന ഓഫീസിനു നേരെ അക്രമം നടത്തുന്നത്. കഴിഞ്ഞ സെപ്തംബറില്‍ സംസ്ഥാന കാര്യാലയത്തിനു നേരെ ബോംബെറിഞ്ഞിരുന്നു.
Discussion about this post