തിരുവനന്തപുരം: കേരള നിയമസഭ സമ്പൂര്‍ണ ഹരിത നിയമസഭയാക്കുന്നതിന്റെ ഭാഗമായി സൗരോര്‍ജ വൈദ്യുതിയിലേക്കു മാറാന്‍ ധാരണയായി. ഹരിത പ്രോട്ടോകോളിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണു നിയമസഭയും നിയമസഭാ സെക്രട്ടേറിയറ്റും പൂര്‍ണമായും സൗരോര്‍ജത്തിലേക്കു മാറുന്നത്. പദ്ധതി സംബന്ധിച്ചു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കേന്ദ്ര ഊര്‍ജ മന്ത്രി പീയൂഷ് ഗോയലുമായി വിശദമായ ചര്‍ച്ച നടത്തി.
പദ്ധതി തുകയുടെ 30 ശതമാനം കേന്ദ്ര വിഹിതത്തോടെ സംസ്ഥാന നിയമസഭ സ്വതന്ത്രമായി പ്രൊജക്ട് നടപ്പാക്കുകയെന്നതാണ് ഒരു നിര്‍ദേശം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ (ഇഎസ്എല്‍) സമ്പൂര്‍ണ മുതല്‍മുടക്കോടെ പദ്ധതി നടപ്പാക്കുകയെന്നതാണ് രണ്ടാമത്തേത്. ഇവ പരിശോധിച്ച് വിശദമായ പദ്ധതിരേഖ തയാറാക്കി സെക്രട്ടറിതലത്തില്‍ ചര്‍ച്ചചെയ്ത് ധാരണാപത്രം ഉണ്ടാക്കാന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇതോടൊപ്പം കേരള നിയമസഭയെ സമ്പൂര്‍ണ കടലാസ് രഹിത ഡിജിറ്റല്‍ നിയമസഭയാക്കി മാറ്റുന്നതിനുള്ള വിശദമായ പദ്ധതി രേഖയും കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാറിന് പദ്ധതി രേഖ കൈമാറി.
എല്ലാ നിയമസഭാ സാമാജികര്‍ക്കും ഇരിപ്പിടത്തിനു മുന്നിലുള്ള സ്‌ക്രീന്‍ വഴി സഭാ നടപടികള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും വിവരങ്ങളും ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രതിവര്‍ഷം ശരാശരി 30 കോടിയോളം രൂപ പേപ്പര്‍ അച്ചടി അനുബന്ധ ചെലവിനത്തില്‍ കേരളത്തിനു ലാഭിക്കാന്‍ കഴിയുന്ന പദ്ധതിയാണിതെന്നു സ്പീക്കര്‍ അറിയിച്ചു.
Discussion about this post