തിരുവനന്തപുരം: എസ്.സി.ഇ.ആര്‍.ടിയുടെ സഹകരണത്തോടെ ഐ.ടി അറ്റ് സ്‌കൂള്‍ തയാറാക്കിയ ‘സമഗ്ര’ ചോദ്യജാലകം പോര്‍ട്ടലിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അധ്യാപകരുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ചോദ്യബാങ്കാണ് പോര്‍ട്ടലിന്റെ പ്രധാന നേട്ടം. മൂല്യനിര്‍ണയ പ്രക്രിയയില്‍ എല്ലാ അധ്യാപകര്‍ക്കും പങ്കാളിയാകാനുള്ള സൗകര്യമാണ് പോര്‍ട്ടല്‍ വഴി തയാറാക്കുന്നത്. പൊതുപരീക്ഷകള്‍ ഇനി അധ്യാപകരുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ചോദ്യബാങ്ക് അടിസ്ഥാനമാക്കി ചിട്ടപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ ക്ലാസിലേയും ടേം പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ തുടങ്ങിയവയുടെ ചോദ്യങ്ങള്‍ ഈ ബാങ്കില്‍ നിന്ന് തയാറാക്കാന്‍ സാധിക്കുന്ന രൂപത്തിലാണ് ചോദ്യജാലകത്തിന്റെ വിഭാവനം. വിവിധ ഭാഷകളില്‍ ചോദ്യങ്ങള്‍ നല്‍കാനുള്ള ക്രമീകരണം ചോദ്യജാലകത്തിലുണ്ട്.
വ്യക്തിഗതമായി തയാറാക്കുന്ന ചോദ്യങ്ങള്‍ സ്‌കൂള്‍ വിഷയഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് മെച്ചപ്പെടുത്തിയ ശേഷമാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്ന ചോദ്യങ്ങള്‍ വിദഗ്ധ സമിതിയുടെ അംഗീകാരത്തിനുവിധേയമായി എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ പ്രസിദ്ധീകരിക്കും. ചോദ്യങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നവരുടെ പേരുവിവരം ചോദ്യത്തോടൊപ്പം പ്രദര്‍ശിപ്പിക്കും. www.qb.itschool.gov.in എന്നതാണ് പോര്‍ട്ടലിന്റെ വിലാസം. ചോദ്യങ്ങള്‍ സംബന്ധിച്ച പ്രതികരണം പോര്‍ട്ടലിലൂടെ അറിയിക്കാനുള്ള ക്രമീകരണവുമുണ്ട്. പൊതുനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് വിദഗ്ധ സമിതി ചിട്ടപ്പെടുത്തുന്ന ചോദ്യങ്ങള്‍ നിന്നായിരിക്കും പൊതുപരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ ഉരുത്തിരിച്ചെടുക്കുന്നത്. സ്‌കൂളുകള്‍ക്കും വകുപ്പിനും ആവശ്യാനുസരണം ചോദ്യപ്പേപ്പറുകള്‍ ജനറേറ്റുചെയ്യാനുള്ള പ്രോഗ്രാം ഐ.ടി അറ്റ് സ്‌കൂള്‍ ചോദ്യബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ സമഗ്ര പോര്‍ട്ടലില്‍ അംഗത്വം എടുക്കാത്ത അധ്യാപകര്‍ ക്ലസ്റ്റര്‍ പരിശീലനത്തില്‍ ഇതിന് തുടക്കം കുറിക്കണം.
പോര്‍ട്ടലിന്റെ പ്രകാശനചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, ഐ.ടി. അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post