തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാനവ്യാപകമായി എല്ലാ താലൂക്കുകളിലും ഗാര്‍ഹികഗാര്‍ഹികേതര എല്‍.പി.ജി വില്പന നടത്തുന്ന വിതരണക്കാരുടെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. വാഹനങ്ങളില്‍ കൊണ്ടുചെന്നുവില്പന നടത്തുന്ന വിതരണക്കാരുടെ കേന്ദ്രങ്ങളില്‍ ത്രാസ് ഉപയോഗിച്ച് സിലിണ്ടറുകളുടെ തൂക്കം ഉപഭോക്താക്കള്‍ക്ക് നിര്‍ണയിച്ചു നല്‍കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി 67 വിതരണ ഏജന്‍സികള്‍ക്കെതിരെ കേസ് എടുത്തു.
തൂക്കത്തിന്‍ കുറവായി ഒരു എല്‍.പി.ജി സിലിണ്ടര്‍ വില്ക്കുന്ന സ്വകാര്യ വ്യാപാരിക്കെതിരെ കോട്ടയത്തു കേസ് രജിസ്റ്റര്‍ ചെയ്തു. ഗാര്‍ഹികേതര സിലിണ്ടറില്‍ 250 ഗ്രാം വരെ തൂക്കത്തില്‍ കുറവു കണ്ടതിനാണ് പായ്ക്ക് ചെയ്തു നല്‍കിയ കമ്പനിക്കെതിരെ നടപടി ഉണ്ടായത്. വാഹനത്തില്‍ സിലിണ്ടര്‍ വില്പനയ്ക്ക് കൊണ്ടുപോകവെ ത്രാസ് സൂക്ഷിക്കാതിരുന്നതിന് 28 ഉം, മുദ്ര ചെയ്യാത്ത ത്രാസ് സൂക്ഷിച്ചതിന് 28 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഗ്യാസ് സ്റ്റൗ വില്പനയ്ക്കുവച്ചതില്‍ എം.ആര്‍.പി രേഖപ്പെടുത്താതെ സൂക്ഷിച്ചതിന് രണ്ട് വിതരണക്കാര്‍ക്കെതിരെ കേസ് എടുത്തു.
Discussion about this post