ന്യൂഡല്‍ഹി: നവഭാരത സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷമായിരുന്നു അഭിസംബോധന ചെയ്തത്.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹത്തുക്കളായ സ്ത്രീകളെയും പുരുഷന്മാരെയും അദ്ദേഹം ഈ അവസരത്തില്‍ അനുസ്മരിച്ചു. ഗോരഖ്പൂര്‍ ദുരന്തം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയായവരോടൊപ്പം ഇന്ത്യയിലെ ജനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം, ചമ്പാരന്‍ സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം, ബാലഗംഗാധരതിലകനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആരംഭിച്ച ‘സാര്‍വജനിക് ഗണേഷ് ഉത്സവ’ത്തിന്റെ 125-ാം വാര്‍ഷികം എന്നിവകൊണ്ട് ഈ വര്‍ഷം പ്രത്യേകതകള്‍ നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
1942 മുതല്‍ 47 വരെ രാജ്യം അതിന്റെ യോജിച്ച ശക്തിപ്രകടിപ്പിച്ച് സ്വാന്ത്ര്യസമരത്തെ അതിന്റെ പരമോന്നതിയിലെത്തിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2022 ഓടെ ഒരു നവ ഇന്ത്യ കെട്ടിപ്പെടുക്കുന്നതിനായി നമ്മുടെ ഭാഗത്തുനിന്നും അത്തരത്തിലുള്ള ഒരു യോജിച്ച ആത്മവിശ്വാസവും പരിശ്രമവും ഉണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നമ്മുടെ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരാണെന്നും ഒത്തൊരുമയോടെ നമുക്ക് ഗുണപരമായ ഒരു പരിവര്‍ത്തനം കൊണ്ടുവരാനാകുമെന്നും പ്രധാനമന്ത്രി തറപ്പിച്ചു പറഞ്ഞു.
മുന്‍കാല അനുഭവങ്ങളില്‍ നിന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ‘നടന്നുപോകും'(ചല്‍ത്താഹെ) എന്ന ചിന്താഗതിക്ക് പകരം ‘മാറ്റാന്‍ കഴിയും’ എന്ന ചിന്താഗതി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
ഇന്ത്യയുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് പ്രഖ്യാപിച്ച ശ്രീ നരേന്ദ്രമോദി, മിന്നലാക്രമണം അതിന് അടിവരയിട്ടുവെന്നും വ്യക്തമാക്കി. ലോകത്തില്‍ ഇന്ത്യയുടെ ഔന്നത്യം വീണ്ടും വര്‍ദ്ധിക്കുകയാണ്. ഭീകരവാദത്തിന്റെ ഭീഷണിക്കെതിരെ പോരാടാന്‍ ഇന്ത്യയുമായി നിരവധി രാജ്യങ്ങള്‍ സഹകരിക്കുന്നുമുണ്ട്. രാജ്യത്തെയും പാവപ്പെട്ടവരെയും കൊള്ളയടിച്ചവര്‍ക്ക് ഇന്ന് മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നില്ല; രാജ്യം ഇന്ന് സത്യസന്ധതയെ ആഘോഷിക്കുകയാണെന്നും കറന്‍സി നിരോധനത്തിനെ പരാമര്‍ശിച്ച് കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി, സാങ്കേതികവിദ്യ കൂടുതല്‍ സുതാര്യത കൊണ്ടുവരുമെന്നും ഉറപ്പുനല്‍കി.
ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. ജി.എസ്.ടി നടപ്പാക്കിയത് സഹകരണ ഫെഡറലിസത്തിന്റെ സുപ്രധാന നടപടിയായി പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സാമ്പത്തിക സംശ്ലേഷണത്തിലൂടെ പാവപ്പെട്ടവരും മുഖ്യധാരയില്‍ എത്തപ്പെടുന്നത് അദ്ദേഹം എടുത്തുകാട്ടി. വേഗതയും ലാളിത്യവുമാണ് മികച്ച ഭരണത്തിന്റെ പ്രത്യേകതകള്‍ എന്ന് അദ്ദേഹം വ്യക്തമാക്കി. ജമ്മു കാശ്മീരിനെ സംബന്ധിച്ച് അധിക്ഷേപങ്ങള്‍ക്കോ, വെടിയുണ്ടകള്‍ക്കോ അല്ല ആശ്ലേഷത്തിലൂടെ മാത്രമേ (നാ ഗാലിസേ നാ ഗോലിസേ, പരിവര്‍ത്തന്‍ ഹോഗാ ഗലേ ലഗാനേ സേ) സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
നവ ഇന്ത്യയെന്ന വീക്ഷണത്തെക്കുറിച്ച് വിശദീകരിച്ച പ്രതിപാദിച്ച പ്രധാനമന്ത്രി ജനങ്ങളായിരിക്കണം ഭരണകൂടത്തിന്റെ നടത്തിപ്പുകാര്‍ എന്നും മറിച്ചാകരുതെന്നും അഭിപ്രായപ്പെട്ടു. (തന്ത്രാ സേ ലോക് നഹിം ലോക് സെ തന്ത്രാ ചലേഗാ).
ഇക്കൊല്ലത്തെ റെക്കാര്‍ഡ് കാര്‍ഷികോല്‍പ്പാദനത്തിന് കര്‍ഷകരെയും കൃഷി ശാസ്ത്രജ്ഞരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ വര്‍ഷം ഗവണ്‍മെന്റ് 16 ലക്ഷം ടണ്‍ ധാന്യങ്ങള്‍ സംഭരിച്ചതായി വ്യക്തമാക്കിയ പ്രധാനമന്ത്രി കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇത് വളരെ കൂടുതലാണെന്നും ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യകളിലെ വെല്ലുവിളികള്‍ തൊഴിലാളികള്‍ക്ക് വ്യത്യസ്തതരത്തിലുള്ള നൈപുണ്യങ്ങള്‍ ആവശ്യമാക്കിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവത്വത്തെ തൊഴിലന്വേഷകരില്‍ നിന്നും തൊഴില്‍ദായകരായി വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുത്തലാഖിന്റെ പേരില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി സര്‍വപിന്തുണയും വാഗ്ദാനം ചെയ്തു. ഈ ആചാരത്തിനെതിരെ നിലകൊണ്ടവരെ അഭിനന്ദിച്ച അദ്ദേഹം ഈ പേരാട്ടത്തില്‍ നാട് അവരോടൊപ്പമുണ്ടാകുമെന്ന ഉറപ്പും നല്‍കി.
സമാധാനത്തിനും ഐക്യത്തിനും മൈത്രിക്കും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജാതീയതയും വര്‍ഗ്ഗീയതയും നമ്മെ ഒരുവിധത്തിലും സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ അക്രമം നടത്തുന്നതിനെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ഇന്ത്യയ്ക്ക് ഇത് സ്വീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം എന്നാല്‍ ഇന്ത്യ വിടുകയെന്നതായിരുന്നു. ആ സ്ഥാനത്ത് ഇന്ന് ഇന്ത്യയെ യോജിപ്പിക്കുക എന്ന മുദ്രാവാക്യമാണ് ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കിഴക്ക്, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വേഗത കുറയ്ക്കാതെ ഇന്ത്യയെ വികസനത്തിന്റെ ഒരു പുതിയ പാതയിലേക്കാണ് ഈ ഗവണ്‍മെന്റ് നയിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വേദങ്ങളെ ഉദ്ധരിച്ച് കൊണ്ട് വേണ്ട സമയത്ത് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നമുക്ക് ആഗ്രഹിക്കുന്ന ഫലം നേടാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ ടിം ഇന്ത്യ’ ഒരു ‘നവ ഇന്ത്യയ്’ക്ക് വേണ്ടിപ്രതിജ്ഞയെടുക്കേണ്ട ഉചിതമായ സമയമാണിതെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടങ്ങളും ശുദ്ധജലവും വൈദ്യുതിയും ലഭ്യമായ, ദുരിതങ്ങളോട് വിട പറഞ്ഞ് ഇന്ന് സമ്പാദിക്കുന്നതിന്റെ ഇരട്ടി കര്‍ഷകര്‍ക്ക് സമ്പാദിക്കാന്‍ കഴിയുന്ന, തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ട അവസരങ്ങള്‍ ലഭിക്കുന്ന, ഒപ്പം ജാതീയത, വര്‍ഗ്ഗീയത, അഴിമതി, സ്വജനപക്ഷപാതം എന്നിവയില്‍ നിന്ന് മുക്തമും, ശുചിത്വവും ആരോഗ്യമുള്ളതുമായ ഒരു നവ ഇന്ത്യയ്ക്കായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ധീരതാ പുരസ്‌ക്കാരം നേടിയവരെ ആദരിക്കുന്നതിനുള്ള ഒരു വെബ്സൈറ്റിന്റെ സമാരംഭവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥാനമായ രാജ്ഘട്ടില്‍ പുഷ്പ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post