കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും മാനേജ്മെന്റിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും മാനേജ്മെന്റുകളുടെ കടുംപിടുത്തവും വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നും കോടതി വിമര്‍ശിച്ചു.
ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാതെ മാനേജ്മെന്റ്കളും സര്‍ക്കാരും സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സങ്കീര്‍ണമാക്കി. വേണ്ട സമയത്ത് കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ല. ഇതോടെ മെഡിക്കല്‍ പ്രവേശനം ആകെ കുഴഞ്ഞ് മറിഞ്ഞ അവസ്ഥയിലാണിപ്പോള്‍. പ്രവേശനത്തിനുള്ള ഫീസ് ഘടന നിശ്ചയിക്കല്‍ ലഘുവായി പരിഹരിക്കാം എന്നിരിക്കെയാണ് ഈ വീഴ്ചയെന്നും കോടതി കുറ്റപ്പെടുത്തി.
ഫീസ്ഘടനയുമായി ബന്ധപ്പെട്ട് ഒരു വ്യക്തതയും ഉണ്ടാകാത്ത സ്ഥിതിയാണ് അപ്പോഴുള്ളത്. വിദ്യാര്‍ത്ഥികളുടെ ഭാവി ആരും പരിഗണിക്കുന്നില്ല. ഫീസ് പ്രശ്നം ചൂണ്ടിക്കാട്ടി പ്രവേശനം നീണ്ടു പോകുന്നത് ശരിയല്ലെന്നും കോടതി വിമര്‍ശിച്ചു. അഞ്ച് ലക്ഷം രൂപ കെട്ടി വച്ച് പ്രവേശനം നേടിയ ശേഷം ബിഡിഎസ്സിലേക്കോ മറ്റോ മാറിയാല്‍ ആ ഫീസ് പ്രസ്തുത വിഭാഗത്തിലേക്ക് പരിഗണിക്കില്ലെന്ന എന്‍ട്രന്‍സ് കമ്മീഷണറുടെ നിലപാടാണ് കോടതിയെ ചൊടിപ്പിച്ചത്.
ഇതിനിടെ സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കേസ് വിശദമായ വാദം കേള്‍ക്കലിനായി നാളത്തേക്ക് മാറ്റിയ കോടതി, പ്രശ്നത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും വ്യക്തമാക്കി. നേരത്തെ ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും അവിടെ നിന്നും ഹൈക്കോടതിയിലേക്ക് വീണ്ടും തിരിച്ചെത്തി പരിഹാരമില്ലാതെ നീളുകയാണ് സ്വാശ്രയ മെഡിക്കല്‍ പ്രവേശനം.
Discussion about this post