ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. വ്യക്തിയുടെ സ്വകാര്യത ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്ന് ഒന്‍പതംഗ സുപ്രീംകോടതി ബെഞ്ച് വിധിച്ചു. സ്വകാര്യതയെ ഹനിക്കുന്ന നിയമനിര്‍മാണം ഇനി അനുവദിക്കില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.
സ്വകാര്യത എന്നതു ഭരണഘടനാനുസൃതമല്ലെന്ന എം.പി. ശര്‍മ, ഖരക് സിംഗ് കേസുകളിലെ മുന്‍വിധികള്‍ മറികടന്നാണു സുപ്രീംകോടതി വിധി പറഞ്ഞത്. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അവകാശങ്ങളില്‍ പെട്ടതാണു സ്വകാര്യത. ഇത് ജീവിക്കാനുള്ള അവകാശവുമായും വ്യക്തി സ്വാതന്ത്ര്യവുമായും നൈസര്‍ഗികമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമാണു സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍, സ്വകാര്യത എന്നത് ഒരു സന്പൂര്‍ണ അവകാശമല്ലെന്നും വിധിയില്‍ നിരീക്ഷിക്കുന്നുണ്ട്. കാര്യകാരണ സഹിതം നിയമപരമായ ഇടപെടല്‍ സ്വകാര്യതയിലും ന്യായീകരിക്കപ്പെടുമെന്നും വിധിയില്‍ സൂചിപ്പിക്കുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം മറ്റു മൗലികാവകാശങ്ങള്‍ പോലെ തന്നെ പരമമല്ലെന്നും ഭരണകൂടത്തിന്റെ നീതിപൂര്‍വകവും നിയമവിധേയവുമായ നിയന്ത്രണങ്ങള്‍ക്കു വിധേയമാണെന്നും ആറു വ്യത്യസ്ത വിധി പ്രസ്താവങ്ങളിലായി ഒന്പതംഗ ബെഞ്ച് കൂട്ടിച്ചേര്‍ത്തു. പ്രധാന വിഷയങ്ങളില്‍ ഒരുമിച്ചു നിന്ന ഒന്പതംഗ ബെഞ്ചിലെ ജഡ്ജിമാര്‍ നിയന്ത്രണവും പരിമിതിയുമടക്കമുള്ള വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചു.
ചീഫ് ജസ്റ്റീസ് ജെ.എസ് . ഖെഹാര്‍, ജസ്റ്റീസുമാരായ ആര്‍.കെ. അഗര്‍വാള്‍, ഡി.വൈ. ചന്ദ്രചൂഡ്, അബ്ദുല്‍ നസീര്‍ എന്നീ നാലു പേര്‍ക്കുമായി ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഒരു വിധിപ്രസ്താവനയും അതിനോട് അനുബന്ധമെന്ന നിലയില്‍ സ്വന്തം അഭിപ്രായങ്ങള്‍ ചേര്‍ത്ത് ജസ്റ്റീസുമാരായ ജെ. ചെലമേശ്വര്‍, എസ്.എ. ബോഡെ, ആര്‍.എഫ്. നരിമാന്‍, എ.എം. സപ്രേ, എസ്.കെ. കൗള്‍ എന്നിവര്‍ അഞ്ചു വ്യത്യസ്ത വിധി പ്രസ്താവനകളുമാണു പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറിന്റെ അവസാന വിധിന്യായം കൂടിയാണ് ഇന്നലെ പുറപ്പെടുവിച്ചത്.
Discussion about this post