ന്യൂഡല്‍ഹി : ഹരിയാനയിലെ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നത തല യോഗം ചേര്‍ന്നു. കൂടുതല്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിന് വിട്ടു കൊടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. ആശ്രമത്തിനുള്ളില്‍ പ്രവേശിച്ച് സൈന്യം പൂര്‍ണമായ നിയന്ത്രണം ഏറ്റെടുത്തു. 28 ന് വിധി വരുമെന്നിരിക്കെ സംഘര്‍ഷങ്ങള്‍ മുന്നില്‍ കണ്ട് സുരക്ഷ ശക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രഹസ്യാന്വേഷണ ഏജന്‍സിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അക്രമം നടന്ന എല്ലാ ജില്ലകളിലെയും സമഗ്രമായ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പ്രദേശത്തേക്ക് സൈന്യത്തിന് നിയന്ത്രണം ഏല്‍പ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.
ദേര സച്ച സൌദ ആശ്രമത്തിന്റെ ആസ്ഥാനമായ സിര്‍സയുടെ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുക്കുകയും. ആശ്രമത്തിനകത്ത് പ്രവേശിച്ച് റൂട്ട് മാര്‍ച്ച് നടത്തുകയും ചെയ്തു. ഹരിയാന സര്‍ക്കാര്‍ ആശ്രമത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ്. കുരുക്ഷേത്രയിലുള്ള രണ്ട് ആശ്രമങ്ങള്‍ പൊലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് പൂട്ടിച്ചു. അക്രമത്തില്‍ ഉണ്ടായ നാശനഷ്ടം ആശ്രമത്തില്‍ നിന്നും ഈടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
28 ന് കേസിലെ അന്തിമ വിധി വരുമെന്നിരിക്കെ ശക്തമായ സുരക്ഷയാണ് സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ജഡ്ജി ജഗ്ദീപ് സിംഗിന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ കുറഞ്ഞതായും സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്നും തിങ്കളാഴ്ച്ച വിധി പ്രസ്താവിക്കുന്നത് വരെ നിരോധനാജ്ഞ തുടരുമെന്നും ഹരിയാന ഡിജിപി വ്യക്തമാക്കി.
Discussion about this post