തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ വരവറിയിച്ച് ഇന്ന് (സെപ്തംബര്‍ ഒന്ന്) തലസ്ഥാന നഗരിയില്‍ പതാക ഉയരും. കനകക്കുന്ന് കൊട്ടാരവളപ്പില്‍ വൈകിട്ട് ആറിന് സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പതാകയുയര്‍ത്തുന്നത്. തുടര്‍ന്ന് വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നിര്‍വഹിക്കും. കവടിയാര്‍ മുതല്‍ മണക്കാട് വരെയാണ് ഇത്തവണ ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്.
ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഭക്ഷ്യമേള കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. കനകക്കുന്നില്‍ സജ്ജീകരിക്കുന്ന ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിക്കും.












