അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന് ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. സെപ്റ്റംബര്‍ ആറിന് അച്ഛന് പത്മനാഭന് പിള്ളയുടെ ശ്രാദ്ധദിനത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
ബുധനാഴ്ച ആലുവ മണപ്പുറത്തും ദിലീപിന്റെ വീട്ടിലുമാണ് ചടങ്ങുകള്‍ നടക്കുന്നത്. ബുധനാഴ്ച ഏഴു മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
അതേസമയം ദിലീപിന്റെ അപേക്ഷയെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. കഴിഞ്ഞ വര്‍ഷം ദിലീപ് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും പ്രോസിക്യുഷന് കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ കോടതി ദിലീപിനു ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ദിലീപിന് സുരക്ഷ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Discussion about this post