മുംബൈ: 1993ലെ മുംബൈ സ്‌ഫോടന കേസില്‍ താഹിര്‍ മെര്‍ച്ചന്റ്, ഫിറോസ് ഖാന്‍ എന്നിവര്‍ക്കു വധശിക്ഷ വിധിച്ചു. പ്രത്യേക ടാഡ കോടതിയുടേതാണു വിധി പ്രസ്താവിച്ചത്. അധോലോക നായകന്‍ അബു സലിം, കരിമുള്ള ഖാന്‍ എന്നിവരെ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. ഇരുവര്‍ക്കും രണ്ടു ലക്ഷം രൂപ പിഴ വിധിച്ചിട്ടുണ്ട്. റിയാസ് സിദ്ദിഖിക്ക് പത്തു വര്‍ഷം തടവാണു വിധിച്ചിട്ടുള്ളത്.
കേസില്‍ അബുസലിം അടക്കം ആറുപേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക ടാഡ കോടതി കണ്ടെത്തിയിരുന്നു. 257 പേരുടെ മരണത്തിനും 713 പേരുടെ പരിക്കിനും ഇടയാക്കിയ സ്‌ഫോടന പരമ്പര ഉണ്ടായി 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് വിധി.
ഗൂഢാലോചന, കൊലപാതകം, ഭീകരപ്രവര്‍ത്തനം എന്നിവയാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കനത്ത സുരക്ഷയിലാണ് കോടതി വിധി പ്രസ്താവം നടത്തുന്നത്. 1993 മാര്‍ച്ച് 12ന് നടന്ന സ്‌ഫോടനം, 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്തതിനു പിന്നാലെയുണ്ടായ വര്‍ഗീയ കലാപത്തിന് പ്രതികാരമായാണ് നടത്തിയതെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവര്‍ഷം മുമ്പു തൂക്കിലേറ്റി.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന അബ്ദുല്‍ ക്വയൂമിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തനാക്കി. രണ്ടു ഘട്ടമായി നടത്തിയ കേസിന്റെ വിചാരണയുടെ ആദ്യഘട്ടത്തില്‍ 100 പേരെ ശിക്ഷിച്ചിരുന്നു.
സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്കു ഗുജറാത്തില്‍നിന്നു മുംബൈയിലേക്ക് ആയുധം എത്തിച്ചു നല്‍കിയെന്നാണു അബു സലിം അടക്കമുള്ള പ്രതികള്‍ക്കെതിരായ കേസ്. അബു സലിമിനെ 2005ല്‍ പോര്‍ച്ചുഗലാണ് ഇന്ത്യക്ക് കൈമാറിയത്. മുസ്തഫ ദോസ 2003ല്‍ ദുബായിയില്‍നിന്ന് ഡല്‍ഹിയിലെത്തിയപ്പോള്‍ അറസ്റ്റിലാകുകയായിരുന്നു. കേസില്‍ കുറ്റാരോപിതരായ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം, അദ്ദേഹത്തിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം, മുസ്തഫ ദോസയുടെ സഹോദരന്‍ മുഹമ്മദ്, ടൈഗര്‍ മേമന്‍ തുടങ്ങി 33 പേരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
Discussion about this post