ടോക്കിയോ: സൂനാമിയില്‍ തകര്‍ന്ന ഫുകുഷിമ ആണവ റിയാക്‌ടര്‍ സാധാരണനിലയിലാക്കാനുള്ള ശ്രമത്തിനിടയില്‍ സമീപത്തെ കടലിലെ ജലത്തിലെ അണുവികിരണത്തോത് സാധാരണയിലേതി നേക്കാള്‍ 1,850 മടങ്ങ് വര്‍ധിച്ചതായി ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചു. ഒന്നാം റിയാക്‌ടറിനു സമീപത്തെ കടല്‍ ജലം പരിശോധിച്ചപ്പോഴാണ് ഈ ഫലമെന്ന് ജപ്പാനിലെ ആണവ വ്യവസായ സുരക്ഷാ ഏജന്‍സി വ്യക്‌തമാക്കി. ഒരു ദിവസം മുന്‍പ് കടല്‍ജലത്തിലെ അയഡിനില്‍ റേഡിയേഷന്‍ തോത് 1,250 മടങ്ങ് ആയിരുന്നു. എന്നാല്‍, കടലിലിനെ മത്സ്യസമ്പത്തിന് അണുവികിരണ ഭീഷണിയില്ലെന്ന് ആണവ ഏജന്‍സി അറിയിച്ചിരുന്നു. എങ്കിലും, ആണവ നിലയത്തിലെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യബന്ധനം നിരോധിച്ചിരിക്കയാണ്. ഫുകുഷിമ ആണവ റിയാക്‌ടറുകള്‍ തണുപ്പിക്കാന്‍ കടല്‍ജലം ഉപയോഗിച്ചിരുന്നു. ഉപയോഗിച്ച ജലം വീണ്ടും കടലിലേക്കുതന്നെ ഒഴുകിയിരിക്കാമെന്നാണു സംശയം. നേരത്തേ, റിയാക്‌ടര്‍ സാധാരണനിലയിലാക്കാനുള്ള ജോലിക്കിടെ അണുവികിരണമേറ്റ തൊഴിലാളികളിലെ റേഡിയേഷന്‍നില പ്രതീക്ഷിച്ചതിന്റെ പതിനായിരം മടങ്ങാണെന്ന് പരിശോധനയില്‍ വ്യക്‌തമായിരുന്നു. അതേസമയം, ഭൂകമ്പത്തിലും സൂനാമിയിലും ജപ്പാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10,489 ആയി. 16,621 പേരെക്കുറിച്ച് ഒരു വിവരവുമില്ല.
Discussion about this post