തിരുവനന്തപുരം: വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങളിലൂടെ കേരള മോഡല്‍ സൃഷ്ടിക്കുന്നതില്‍ നിയമസഭയും അതത് കാലത്തെ സര്‍ക്കാരുകളും വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍ മുഖ്യമന്ത്രിമാരെയും മുന്‍ സ്പീക്കര്‍മാരെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു പല സംസ്ഥാനങ്ങളുടെയും അത്ര സാമ്പത്തികശേഷിയില്ലെങ്കില്‍പോലും രാജ്യത്തിന്റെ പൊതുവായ നിലയെക്കാള്‍ മുകളില്‍ നില്‍ക്കാന്‍ കേരളത്തിനായി. അത്തരമൊരു സമൂഹം വാര്‍ത്തെടുത്തതില്‍ നിയമസഭക്കും സര്‍ക്കാരുകള്‍ക്കും പങ്കുണ്ട്. നാടിന്റെ സ്പന്ദനം സ്വീകരിച്ചാണ് നിയമസഭാംഗങ്ങളും സ്പീക്കറും സര്‍ക്കാര്‍ നേതൃത്വവും പ്രവൃത്തിക്കുന്നത്. അത്തരത്തില്‍ കേരളത്തിന് രാജ്യത്തില്‍ ലഭിച്ച പ്രത്യേകതലത്തിന് വെല്ലുവിളി ഉയര്‍ത്താനോ അടുത്തെത്താനോ മറ്റ് പല സംസ്ഥാനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. അതീവ ജാഗ്രതയോടെ നിലനിന്ന പൊതുസമൂഹവും സംസ്ഥാനത്തെ പിന്നോട്ടുവലിക്കാനുള്ള ശ്രമങ്ങളെ ചെറുത്തിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ജാതീയ വേര്‍തിരിവുകളും അധസ്ഥിത വിഭാഗങ്ങള്‍ക്ക് നേരെ മനുഷ്യത്വരഹിത അക്രമങ്ങളും നടക്കുമ്പോള്‍ വേറിട്ട് നില്‍ക്കാന്‍ നമ്മുടെ നാടിനാകുന്നുണ്ട്. മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ ഈ നാട് ഒറ്റക്കെട്ടാണ്. അതിന് ഭീഷണിയുയര്‍ത്താനുള്ള ശ്രമങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അത്രപെട്ടെന്നൊന്നും വിലപ്പോവില്ല.
സമൂഹത്തില്‍ പൊതുവേയുള്ള ജീവിതനിലവാരം സംരക്ഷിക്കാന്‍ കേരളത്തിനായത് ഇവിടെ ജോലി ചെയ്താല്‍ മാന്യമായ കൂലിയുള്ളതിനാലാണ്. അത് നിയമപ്രകാരം ഉറപ്പാക്കിയിട്ടുമുണ്ട്. ഇതൊക്കെ നേടാന്‍ സംഘടനകളും പ്രസ്ഥാനങ്ങളും ശ്രമിച്ചപ്പോള്‍ ഓരോഘട്ടത്തിലും നിയമസഭയ്ക്ക് കൂടെനില്‍ക്കാനായി. രാഷ്ട്രീയമായ ചേരിതിരിവുകള്‍ ഉണ്ടാകുമെങ്കിലും കേരള നിയമസഭയ്ക്ക് എപ്പോഴും പൊതുവായ പരിധി നിലനിര്‍ത്തിപ്പോകാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന ഒട്ടേറെ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാനും നിയമങ്ങള്‍ നിര്‍മിക്കാനും കഴിഞ്ഞതിന്റെ അവകാശികളെയാണ് നാം ആദരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മുന്‍സ്പീക്കര്‍മാരായ വക്കം പുരുഷോത്തമന്‍, വി.എം. സുധീരന്‍, പി.പി. തങ്കച്ചന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, എം. വിജയകുമാര്‍, കെ. രാധാകൃഷ്ണന്‍, എന്‍. ശക്തന്‍ എന്നിവരെ പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേരള നിയമസഭ അന്തസ് കൊണ്ടും ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ സവിശേഷതയായ സഹിഷ്ണുത കൊണ്ടും ദീര്‍ഘകാലം തലയുയര്‍ത്തി നിന്നതിന്റെ നേരവകാശികളാണ് മുന്‍ സാമാജികരെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം മുമ്പേ നടന്ന് രാജ്യത്തിന് മാതൃകകാണിച്ചതില്‍ പ്രധാന പങ്കുവഹിച്ചനേതൃനിരയാണ് മുന്‍സ്പീക്കര്‍മാരും മുഖ്യമന്ത്രിമാരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിലെ വിഷയങ്ങളാണ് നിയമസഭയില്‍ പ്രതിഫലിക്കുന്നതെന്നും സമൂഹത്തെ ഇന്നത്തെ നിലയില്‍ രൂപപ്പെടുത്തുന്നതില്‍ നിയമസഭ വഹിച്ച പങ്ക് വലുതാണെന്നും ചടങ്ങില്‍ ആശംസയര്‍പ്പിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ‘കേരള നിയമസഭ നിയമനിര്‍മാണത്തിന്റെ ആറു പതിറ്റാണ്ടുകള്‍’ എന്ന പുസ്തകം വി.ഡി. സതീശന്‍ എം.എല്‍.എയ്ക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ’36 ഇയേഴ്‌സ് ഓഫ് സബ്ജക്ട് കമ്മിറ്റി’ എന്ന പുസ്തകം എസ്. ശര്‍മ എം.എല്‍.എയ്ക്ക് നല്‍കി പ്രതിപക്ഷനേതാവ് പ്രകാശനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. നിയമസഭാസെക്രട്ടറി വി.കെ. ബാബുപ്രകാശ് നന്ദി രേഖപ്പെടുത്തി.












