അനവദ്യങ്ങളായ അവതാരകഥകളും അനുഭൂതികരങ്ങളായ ദര്‍ശനങ്ങളും ഹിമവദ്‌ഗിരിഗഹ്വരങ്ങളില്‍ നിന്ന് ഇന്നും മുഴങ്ങുന്ന പ്രണവധ്വനിയുടെ സന്ദേശങ്ങളും കൊണ്ട് പവിത്രതയാര്‍ന്ന ഭാരതഭൂവിന്റെ പരിപാവന സന്ദേശം വിളംബരം ചെയ്യുന്ന മഹാപുരുഷന്റെ ജന്മദിനമായ ശ്രീരാമനവമി സമാഗതമാവുകയാണല്ലോ. അധര്‍മ്മത്തിന്റെ കോട്ടകൊത്തളങ്ങള്‍ അടിച്ചുതകര്‍ക്കുവാനും കൊട്ടിയടയ്‌ക്കപ്പെട്ട ധര്‍മ്മഗോപുരങ്ങള്‍ മുട്ടിത്തുറക്കുവാനും ഉയിരും ഉന്‍മേഷവും പകരുന്ന ഉദാത്തഭാവന നെയ്‌തെടുക്കുവാനും ആ പുണ്യദിനം പ്രയോജനപ്പെടട്ടെ. അപ്രതിഹതങ്ങളായ ദുഷ്‌ടശക്തികളുടെ ആക്രമണങ്ങളും അടിയൊഴുക്കുകളും സൃഷ്‌ടിച്ച നവീനഭാരതത്തിന്റെ കെട്ടഴിഞ്ഞ രാഷ്‌ട്രീയ യന്ത്രത്തിനും തന്ത്രത്തിനും മറക്കുട പിടിക്കാതെ മറുപടി നല്‍കാന്‍ കഴിയുന്ന ആ വീരസാഹസിക പരിശ്രമം അഹന്തയറ്റ സാധാരണജീവിതത്തിന് അനുകരണീയമായിത്തീരട്ടെ. അശരണര്‍ക്ക് അറിഞ്ഞഭയമരുളുന്ന ആ ജീവിതത്തിന്റെ അനുകമ്പയും ആശ്വാസവാക്കുകളും കുളിരേകുന്ന ഓര്‍മ്മകളായി എന്നെന്നും മാനവഹൃദയങ്ങളില്‍ അലയടിക്കട്ടെ. ത്യജിക്കുവാനും സംഭരിക്കുവാനും കഴിയുന്ന കര്‍മ്മത്തിന്റെ ആര്‍ജ്ജവശേഷി ധര്‍മ്മകഞ്ചുകം ധരിച്ചു മുന്നേറുന്ന സ്വതന്ത്രഭടന്‍മാരെ വാര്‍ത്തെടുക്കുവാനും നിസ്വാര്‍ത്ഥ സേവനത്തിന്റെ മണിമന്ദിരങ്ങളില്‍ പ്രശോഭിക്കുന്ന രാമസങ്കല്‍പ്പത്തിന്റെ ഭദ്രദീപമണയാതെ കാത്തുസൂക്ഷിക്കുവാനും കരുത്തുറ്റതായിത്തീരട്ടെ. നിഗ്രഹിക്കുവാനും അനുഗ്രഹിക്കുവാനും നിസ്സംഗത്വം ആത്മകലയാക്കി മാറ്റിയ ആ ധര്‍മ്മസേനാനിയുടെ ജന്മദിന സങ്കല്‍പ്പങ്ങള്‍ ധര്‍മ്മത്തിനു സമരാങ്കണം സൃഷ്‌ടിക്കുകയും സമാധാനത്തിനു യജ്ഞശാലയൊരുക്കുകയുമാണ് ചെയ്‌തതെന്ന ഓര്‍മ്മ എന്നും നിലനില്‍ക്കട്ടെ.
– ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍
Discussion about this post