കൊച്ചി: മീസില്‍സും റുബെല്ലയും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പ്രതിരോധയയജ്ഞത്തിന്റെ ഭാഗമായുള്ള മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 3ന് കൊച്ചിയില്‍. എറണാകുളം സൗത്ത് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ മന്ത്രി കെ കെ ശൈലജ അധ്യക്ഷയായിരിക്കും. കെ വി തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, ആരോഗ്യ സാമൂഹ്യ രംഗങ്ങളിലെ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
9 മാസത്തിനും 15 വയസ്സിനുമിടയിലുള്ള സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഒക്ടോബര്‍ 3 മുതല്‍ ഒരുമാസം നീണ്ട കാലയളവിലാണ് കാമ്പയിന്‍ നടത്തുക. ആശുപത്രികള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ വഴിയാണ് പ്രതിരോധ വാക്‌സിന്‍ നല്കുക.












