പത്തനംതിട്ട: ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജലവിഭവ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തികളും മുന്നൊരുക്കങ്ങളും വൃശ്ചികം ഒന്നിന് മുമ്പായി പൂര്‍ത്തീകരിക്കും.
പമ്പാ ത്രിവേണി മുതലുളള ആറാട്ടു കടവുകളും പടവുകളും വൃത്തിയാക്കുന്നതിനും ആ ഭാഗത്ത് അടിഞ്ഞ് കൂടുന്ന അഴുക്കും മാലിന്യങ്ങളും വസ്ത്രങ്ങളും നിശ്ചിത ഇടവേളകളില്‍ നീക്കം ചെയ്ത് ഭക്തര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്നതിനും, ഈ ഭാഗങ്ങളിലെ ജലനിരപ്പ് നിലനിര്‍ത്തുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി താത്കാലിക തടയണകളുടെ നിര്‍മ്മാണവും നിലവിലുളള തടയണകളുടെ അറ്റകുറ്റപ്പണികളും അവയിലെ വെളളത്തിന്റെ നിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിനും മറ്റ് ഇറിഗേഷന്‍ സ്ട്രക്‌ച്ചേഴ്‌സുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികളും നടത്തും. കൂടാതെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പാ നദിയിലും, മണിമലയാറിലും, അച്ചന്‍കോവിലാറിലും വിവിധ ഭാഗങ്ങളിലായുളള 142 കടവുകളില്‍ അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി ആറിന്റെ ആഴം ഉള്‍പ്പെടെ രേഖപ്പെടുത്തുന്ന സുരക്ഷാ ബോര്‍ഡുകള്‍ ആറു ഭാഷകളില്‍ തയ്യാറാക്കി സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തികളും പുരോഗതിയിലാണ്.
21 കടവുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനും മറ്റ് അപകട ഭീഷണിയുളള ഭാഗങ്ങളില്‍ താത്കാലിക ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തികളും നടത്തിവരുന്നു. ഭക്തര്‍ക്ക് ജലലഭ്യത ഉറപ്പ്‌വരുത്തുന്നതിനായി വടശ്ശേരിക്കരയിലും ബംഗ്ലാംകടവിലും രണ്ട് താത്കാലിക തടയണകളുടെ നിര്‍മ്മാണവും മണ്ഡലകാലത്തിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Discussion about this post