കൊച്ചി: പ്രശസ്ത സംവിധായകന്‍ ഐ.വി.ശശി (67) അന്തരിച്ചു. ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള വസതിയില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അന്ത്യം സംഭവിച്ചത്. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യയും നടിയുമായ സീമയാണ് മരണവിവരം അറിയിച്ചത്.
1968-ല്‍ എ.ബി.രാജിന്റെ ‘കളിയല്ല കല്ല്യാണം’ എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിന്റെ തുടക്കം. ഛായാഗ്രഹ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സഹസംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ആദ്യചലച്ചിത്രം ഇരുപത്തിഏഴാം വയസ്സില്‍ സംവിധാനം ചെയ്തു. എന്നാല്‍, ആദ്യം സംവിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം 1975ല്‍ പുറത്തിറങ്ങിയ ഉത്സവം ആണ്.
പിന്നീട് വന്ന ‘അവളുടെ രാവുകള്‍’ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ വന്‍വിജയം നേടിയ ചിത്രമാണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
1982ല്‍ ‘ആരൂഢത്തി’ന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
Discussion about this post