ഡോ. ശാരദാ രാജീവന്‍
സാക്ഷരതയില്‍ കേരളം മുന്‍പന്തിയിലായിട്ട് നാളെറെയായി. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതതല വിദ്യാഭ്യാസംവരെ പല മാറ്റങ്ങളും പരീക്ഷണാടിസ്ഥാനത്തില്‍ തുടരുന്നുണ്ട്. മാര്‍ക്കുകള്‍ മാറി ഗ്രേഡ് സമ്പ്രദായമെത്തി. പത്താംക്ലാസില്‍ തോല്‍വി ഇല്ലാതായി. പ്ലസ്‌ടുവില്‍ പരീക്ഷകളൊക്കെ മയപ്പെടുത്തി വിജയശതമാനം പൂര്‍വാധികം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കരിര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുപൊന്തുന്നു. ഇങ്ങനെയൊക്കെയായിട്ടും ആത്മഹത്യകള്‍ ഗണ്യമായി പെരുകുന്നു. വിദ്യാഭ്യാസമുള്ളവരായി ജീവിക്കുവാന്‍ ഒരുവിധം പശ്ചാത്തലമുള്ള ദമ്പതികള്‍, ആടിയുലഞ്ഞ കുടുംബ ബന്ധങ്ങളോട് വിടപറഞ്ഞ് സ്വന്തം കുഞ്ഞുങ്ങള്‍ക്കുവേണ്ടി കോടതികള്‍ കയറിയിറങ്ങുന്നു. രാത്രി ഡ്യൂട്ടികള്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കും വിവിധയിനം ഉല്‍പ്പാദന കമ്പനികളിലെ ജോലിക്കാര്‍ക്കുമായിരുന്നതുമാറി, ഐടി കമ്പനികളിലേയ്‌ക്കും വ്യാപിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ മാനം ത്രാസില്‍ തൂങ്ങാന്‍ തുടങ്ങി. നിഷ്‌കളങ്കരായ കുഞ്ഞുകുട്ടികളെ തട്ടിയെടുത്ത്, ക്രൂരമായി പീഡിപ്പിച്ച് ട്രാഫിക് സിഗ്നലുളിലും റെയില്‍വേ സ്റ്റേഷനുകളിലുമൊക്കെ യഥേഷ്‌ടം ഭിക്ഷാടനം നടത്തിയിട്ടും കാര്യമായ നടപടികളൊന്നുമില്ലാതെ പോകുന്നു ജീവിതത്തിന്റെ ഏറിയ പങ്കും കഷ്‌ടപ്പെട്ടു ജോലി ചെയ്‌ത് സ്വന്തം മക്കളെ നല്ല നിലയിലെത്തിച്ച ചാരിതാര്‍ത്ഥ്യത്തില്‍ ജീവിച്ച് രോഗികളാകുമ്പോള്‍, ചികിത്സക്ക് വകയില്ലാതെ, മരണത്തെ ആര്‍ത്തിയോടുകൂടി മാടി വിളിക്കുന്ന വൃദ്ധ മാതാപിതാക്കളുടെ നിസ്സഹായാവസ്ഥ അവഗണിക്കപ്പെടുന്നു. വിവാഹിതരല്ലാത്ത, മക്കളില്ലാത്ത എത്രയോ മനുഷ്യര്‍ക്ക് അവരുടെ ജീവിതംതന്നെ അന്യമാകുന്നു. കുറ്റകൃത്യങ്ങളുടെ വൈവിധ്യം സമൂഹത്തെ അത്ഭുതപ്പെടുത്തിക്കഴിഞ്ഞിട്ടും അവയ്‌ക്കൊരു മാന്ദ്യം വരുന്നില്ല. ജയിലുകളില്‍ കുറ്റവാളികള്‍ നിറയുകയും അവരുടെ മേലുള്ള നിയമനടപടികള്‍ക്ക് കാലതാമസം വരികയും ചെയ്യുമ്പോള്‍ കുറ്റത്തേക്കാള്‍ വലിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന നിയമപാലകരുടെ എണ്ണം പെരുകുന്നു. ഇരുജാതികളില്‍പ്പെട്ടവരും മതങ്ങളില്‍പ്പെട്ടവരും പ്രണയബദ്ധരായി വിവാഹിതരാകാന്‍ സമ്മതം ലഭിക്കാതെ മാനസിക രോഗത്തിനടിമപ്പെടുമ്പോഴും യാഥാസ്ഥിതികത്വത്തിന്റെ കാര്‍ക്കശ്യത്തില്‍ മാതാപിതാക്കള്‍ പിടിച്ചുകിടക്കുന്നു.
ഒരുകാര്യം സത്യമാണ്. വ്യാവസായികമായി, രാഷ്‌ട്രീയമായി, സാംസ്‌കാരികമായി സമൂഹം വളരുകയാണ്. മാനസികാസ്വാസ്ഥ്യം വളരുന്ന സാഹചര്യങ്ങളും ഇതോടൊപ്പം വളര്‍ന്നുവരുന്നു. ഈ വളര്‍ച്ചയില്‍ തെളിഞ്ഞുനില്‍ക്കുന്നത് മാനസികമായ അനാരോഗ്യവും അത് പരിണമിക്കുന്നത് മാനസികരോഗത്തിലേയ്‌ക്കുമാണ്. മാനസികാരോഗ്യമെന്നാല്‍ മാനസികരോഗമില്ലാത്ത അവസ്ഥ എന്നതല്ല. മാനസികാരോഗ്യം ഗുണനിലവാരമുള്ള ജീവിതചര്യയില്‍ അടങ്ങിയിരിക്കുന്നു. സമാധാനമായി, സന്തോഷത്തോടെ, സംതൃപ്‌തിയോടുകൂടി, ലക്ഷ്യപ്രാപ്‌തിക്കുവേണ്ടി, സൗഹൃദത്തിന്റെ ചുക്കാന്‍ പിടിച്ച് കുടുംബസമേതം നല്ല സമൂഹജീവികളായി കഴിയുന്ന അവസ്ഥയാണ് മാനസികാരോഗ്യത്തിന്റെ അച്ചുതണ്ട്. ഇതില്‍ കുറവുകള്‍ വന്നേക്കാം. അത് സാരമില്ല. പരിമിതികള്‍ ഇല്ലാത്തതായി എന്താണുള്ളത്?
എന്നാല്‍ പരിപൂര്‍ണ്ണമായും ഒറ്റപ്പെട്ട്, സാമൂഹിക പ്രതിബദ്ധതയില്ലാത്ത, ഏകാന്തവും ദു:ഖകരവുമായ ജീവിതം നയിക്കുമ്പോള്‍ സ്വാഭാവികമായും മാനസിക ആരോഗ്യത്തിനിടിവനുഭവപ്പെടുന്നു. സന്തോഷമില്ലാത്ത വൈരാഗ്യവും വെറുപ്പും തുളുമ്പുന്ന മനസ്സിന്റെ തലങ്ങള്‍ക്ക് ഉണര്‍വ്വോ ഉന്മേഷമോ അനുഭവപ്പെടാനാവാത്തതും മാനസിക അനാരോഗ്യത്തിന് വഴിതെളിക്കുന്നു. മാനസിക അനാരോഗ്യവും തുടര്‍ന്നുള്ള മാനസികരോഗങ്ങളും കേരളത്തില്‍ ഗണ്യമായി വര്‍ദ്ധിച്ചുവരികയാണ്. ജനസംഖ്യയുടെ ഒരു ശതമാനം ആളുകള്‍ക്ക് മാനസികരോഗമുണ്ട്. ആറ് വയസ്സിനുതാഴെയുള്ള ഒന്നുമുതല്‍ രണ്ടുശതമാനം കുഞ്ഞുങ്ങള്‍ക്ക് മാനസികരോഗമുള്ളതായി കണക്കാക്കപ്പെടുന്നു. ഗുരുതരമായ മാനസികരോഗമുള്ളവരുടെ എണ്ണം ഏറിവരികയാണ്.
മാനസിക രേഗങ്ങള്‍ പലതരത്തിലുണ്ട്. പൊതുവായി ഇവയെ രണ്ടായിതരം തിരിച്ചിരിക്കുന്നു. ന്യൂറോസിസസ്സ് എന്ന ശാഖയില്‍ വിവിധതരം `ഫോബിയ’കളും `ഹിസ്റ്റീരിയ’ഡിസോസ്സിയേറ്റീവ് റിയാക്ഷനുകള്‍. ഒബ്‌സസ്സീവ് കംപല്‍സീവ് റിയാക്ഷനുകള്‍ മുതലായ രോഗങ്ങളും ഉള്‍പ്പെടുന്നു. അതുപോലെ പാരനോയിയ, സ്‌കീസോഫ്രീനിയ, മേനിക് ഡിപ്രഷന്‍ എന്നിവ സൈക്കോസസ്സിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്ലാന്റുകളുടെ അബ്‌നോര്‍മാലിറ്റിമൂലവും ക്രോമാസോമല്‍ അബ്‌നോര്‍മാലിറ്റിമൂലവും തലച്ചോറിന്റെ സാരമായ പ്രവര്‍ത്തനക്കുറവുമൂലവുമൊക്കെ മാനസികരോഗങ്ങള്‍ വരാം. ഇവയെ ചികിത്സിച്ച് ഒരുപരിധിവരെ നിയന്ത്രണ വിധേയമാക്കുവാന്‍ കഴിയാറുണ്ട്. മന:ശാസ്‌ത്രപരമായ കാരണങ്ങള്‍ മാനസികരോഗങ്ങളെ പരിപുഷ്‌ടിപ്പെടുത്തുന്നു. കുഞ്ഞിലെയുള്ള പലവിധ ആഘാതങ്ങള്‍, നിരാസം, അമിതസംരക്ഷണം, അമിതമായ അച്ചടക്കം തുടര്‍ച്ചയായുള്ള കുറ്റപ്പെടുത്തലുകള്‍ തുടങ്ങി അനവധി കാരണങ്ങള്‍ മാനസികരോഗത്തിന് കാരണമായിത്തീരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ലക്ഷണങ്ങള്‍ കണക്കിലെടുത്തും പലവിധ ടെസ്റ്റുകള്‍ നടത്തിയുമാണ് രോഗനിര്‍ണയം നടത്തുന്നത്.
മാനസിക രോഗങ്ങള്‍ക്ക് പല കാരങ്ങളുണ്ട്. ഒരു ശ്രേണി ബയോളജിക്കല്‍ കാരണങ്ങളാണ്. രോഗങ്ങള്‍ പാരമ്പര്യമായി വന്നുഭവിക്കുന്നുണ്ട്. മാനസിക രോഗചികിത്സ പ്രധാനമായും രണ്ടുതരത്തിലാണ്. ഒന്ന് രോഗനിര്‍ണ്ണയത്തിനു ശേഷം ഉചിതമായ മരുന്നുകള്‍ നല്‍കുന്ന ചികിത്സാ സമ്പ്രദായം. ഇതിനെ `സൈക്കിയാട്രി’ എന്നുവിളിക്കുന്നു. മറ്റൊന്ന് രോഗനിര്‍ണയത്തിനുശേഷം കഴിയുന്നതും മരുന്നില്ലാതെ ചികിത്സിക്കുന്നു. ക്ലിനിക്കല്‍ സൈക്കോളജി എന്നാണ് ഈ ചികിത്സാ സമ്പ്രദായത്തെ വിളിക്കുക. പ്രാരംഭദശയില്‍ മനോരോഗം കണ്ടെത്തിയാല്‍ പലതും മരുന്നില്ലാതെയോ ചെറിയതോതില്‍ കുറച്ചുനാള്‍ മരുന്നുനല്‍കിയോ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. പലപ്പോഴും മനോരോഗത്തെ സമൂഹം ഭയപ്പെടുന്നു. ചികിത്സയ്‌ക്ക് വിധേയരാകാന്‍ വളരെ മടിക്കുന്നു. ഏതു രോഗംപോലെയും ഒരു രോഗമാണ് മനോരോഗമെന്നും മിക്കപ്പോഴും സമയോചിതമായ ചികിത്സ നല്‍കിയാല്‍ പല മനോരോഗങ്ങളും പൂര്‍ണ്ണമായും ഭേദമാകുമെന്നും വിശ്വസിക്കുവാന്‍ സമൂഹം ഒട്ടുംതന്നെ തയ്യറാകുന്നില്ല. മനോരോഗങ്ങളോടുള്ള മനോഭാവം പലപ്പോഴും ഞെട്ടിപ്പിക്കുന്നതാണ്.
മാനസികരോഗങ്ങള്‍ മാനസികപിരിമുറുക്കം തീവ്രമാകുമ്പോള്‍ ഉണ്ടാകുക തികച്ചും സാധാരണമാണ്. മാനിസിക പിരിമുറുക്കം അതിര്‍വരമ്പുകളെല്ലാം ലംഘിക്കുമ്പോള്‍ ഉല്‍കണ്‌ഠ വര്‍ദ്ധിപ്പിക്കുന്നു. കുറേനാള്‍ കഴിയുമ്പോള്‍ തീവ്രമായ ഉല്‍കണ്‌ഠ ഒരു വ്യക്തിയുടെ സ്വാഭാവികതലമായി മാറുന്നു. ഏറെനാള്‍ മാനസിക അനാരോഗ്യം ശ്രദ്ധിക്കപ്പെടാതെ, ഉചിതമായ കൗണ്‍സിലിംഗിന് വിധേയമാകാതെ തുടരുമ്പോള്‍ വ്യക്തി എത്തിപ്പെടുന്നത് മാനസിക രോഗത്തിലേക്കു തന്നെയാകും.
ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നിവ ഓരോ വ്യക്തിയുടേയും വളര്‍ച്ചയുടെ വിവിധ തലങ്ങളാണ്. ശൈശവവും ബാല്യവും നല്ല രീതിയില്‍ പോയാലേ തുടര്‍ന്നുള്ള ദശകള്‍ സ്വാഭാവികമായും നന്നായി പോകുകയുള്ളൂ. രണ്ടുമൂന്നുവയസ്സുവരെ ഒരു കുഞ്ഞിന് നല്‍കേണ്ടത് സ്‌നേഹത്തില്‍ ചാലിച്ച വിശ്വാസമാണ്. എന്നാല്‍ ഇക്കാലത്ത് അച്ഛനമ്മമാര്‍ ജോലിക്കുപോകുമ്പോള്‍ കുഞ്ഞിനെ നോക്കാനേല്‍പ്പിക്കുന്ന ശമ്പളം നല്‍കി നിര്‍ത്തിയിരിക്കുന്നവരില്‍ നിന്നുള്ള പീഡനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. കൂട്ടുകുടുംബത്തിന്റെ അഭാവം ശരിക്കും പ്രതിഫലിക്കുന്നത് ഈ കാലയളവിലാണ്. കുഞ്ഞിലെ തന്നെ ഉല്‍കണ്‌ഠയുടെ ആക്കം വര്‍ദ്ധിക്കുന്നു. മന:ശാസ്‌ത്രത്തില്‍ `കിറശ്‌ശറൗമശേീ’ എന്ന പ്രക്രിയ വളരെ പ്രധാനപ്പെട്ടതാണ്.
Discussion about this post