ഇടുക്കി: വിവാദങ്ങള്‍ അതിന്റെ വഴിക്കും സര്‍ക്കാര്‍ നടപടി അതിന്റെ വഴിക്കും നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടുക്കി ജില്ലയില്‍ നടന്ന മൂന്നു യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനം സംബന്ധിച്ചുണ്ടായിരിക്കുന്ന വിവാദം അടിസ്ഥാനരഹിതമാണ്. ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്നതിനോ കൂട്ടുന്നതിനോ ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചപ്പോള്‍ അടിസ്ഥാനപരമായ പഠനം നടന്നിട്ടില്ല. അതിനാല്‍ നാട്ടുകാര്‍ക്കിടയില്‍ ആശങ്ക ഉണ്ടായിട്ടുണ്ട്. അതു പരിഹരിക്കാന്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് സര്‍വേ നടത്താന്‍ മാത്രമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണു റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ വനം മന്ത്രിയും ഇടുക്കിക്കാരനെന്ന നിലയില്‍ വൈദ്യുതി മന്ത്രിയും ഉള്‍പ്പെട്ട മന്ത്രിസംഘം മൂന്നാര്‍ സന്ദര്‍ശിക്കുന്നത്. നീലക്കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച കാര്യത്തില്‍ ജനങ്ങളുമായി ചര്‍ച്ചചെയ്ത് ആശങ്കയില്ലാതെ തീരുമാനങ്ങളെടുക്കും. വിഷയം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് മന്ത്രിസംഘം സന്ദര്‍ശനം നടത്തുന്നത്. ജില്ലാ കളക്ടറാണ് യോഗം വിളിക്കുന്നത്. അതില്‍ മന്ത്രിമാര്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംവരണം സംബന്ധിച്ച വിവാദങ്ങളിലും കഴമ്പില്ല. സംവരണത്തിന്റെ ശതമാനം വര്‍ധിപ്പിക്കാന്‍ ഭരണഘടനാ ഭേദഗതിവേണം. അതു പ്രായോഗികമല്ല. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മറ്റു മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു നിയമനം നല്‍കാനാകാത്ത സാഹചര്യത്തില്‍ അവിടെയുള്ള ഒഴിവുകളില്‍ മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കക്കാര്‍ക്കു സംവരണം നല്‍കണമെന്ന സര്‍ക്കാര്‍ നിലപാടു നേരത്തേ പ്രഖ്യാപിച്ചതാണ്. ഇതറിയാവുന്നവരാണ് വിവാദങ്ങള്‍ക്കു പിന്നില്‍. ചെറുതോണിയില്‍ ഇടുക്കി ജില്ലാ ബാങ്കിന്റെ ഒപ്പം പദ്ധതി, തങ്കമണിയില്‍ സഹകരണ തേയില ഫാക്ടറി, കട്ടപ്പനയില്‍ സിപിഎം ഏരിയ കമ്മിറ്റിയുടെ പുതിയ മന്ദിരം എന്നിവയുടെ ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
Discussion about this post