ലാഹ്ലി: ഹരിയാനയെ ഇന്നിംഗ്‌സിനും എട്ട് റണ്‍സിനും തകര്‍ത്ത് കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഹരിയാനയുടെ രണ്ടാം ഇന്നിംഗ്‌സ് 173 റണ്‍സില്‍ അവസാനിച്ചതോടെയാണ് കേരളം ചരിത്രം നേട്ടം സ്വന്തമാക്കിയത്. പത്ത് വര്‍ഷത്തിന് ശേഷമാണ് കേരളം രഞ്ജിയുടെ നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിക്കുന്നത്.
സീസണിലെ അഞ്ചാം ജയമാണ് കേരളത്തിന്റെ യുവനിര സ്വന്തമാക്കിയത്. 31 പോയിന്റുമായി ഗ്രൂപ്പില്‍ ഗുജറാത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സീസണില്‍ ആറ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് കേരളം തോറ്റത്. രണ്ടാം മത്സരത്തില്‍ ഗുജറാത്തിനോട് പൊരുതി തോല്‍ക്കുകയായിരുന്നു. ക്വാര്‍ട്ടര്‍ പ്രവേശനത്തിന് ജയം അനിവാര്യമായിരുന്ന കേരളം എല്ലാ മേഖലകളിലും ഹരിയാനയെ തകര്‍ത്താണ് അവസാന എട്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. സൗരാഷ്ട്ര, ജാര്‍ഖണ്ഡ് തുടങ്ങിയ വന്പന്മാരെ മറികടന്നുള്ള ഈ നേട്ടം കേരള ക്രിക്കറ്റിന് മികച്ച ഉണര്‍വ് പകരുമെന്ന് ഉറപ്പാണ്.
അവസാന ദിവസം അഞ്ച് വിക്കറ്റ് മാത്രം അകലെയായിരുന്നു കേരളത്തിന്റെ ചരിത്ര നേട്ടം. ഉച്ചഭക്ഷണത്തിന് മുന്‍പ് കേരളത്തിന്റെ ബൗളര്‍മാര്‍ ഹരിയാനയെ മടക്കി. മൂന്ന് വിക്കറ്റ് വീതം നേടിയ നിധീഷ് എം.ഡി, ജലജ് സക്‌സേന എന്നിവരാണ് ബൗളിംഗില്‍ മുന്നില്‍ നിന്ന് നയിച്ചത്. ബേസില്‍ തന്പി രണ്ടും സന്ദീപ് വാര്യര്‍, അരുണ്‍ കാര്‍ത്തിക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
83/5 എന്ന നിലയിലാണ് ഹരിയാന അവസാന ദിനം തുടങ്ങിയത്. ഇന്നിംഗ്‌സ് പരാജയം ഒഴിവാക്കാന്‍ ഹരിയാന പ്രതീക്ഷ അര്‍പ്പിച്ചിരുന്ന രജത് പലിവാള്‍ (34), ക്യാപ്റ്റന്‍ അമിത് മിശ്ര (40) എന്നിവര്‍ വീണതോടെ കാര്യങ്ങള്‍ കേരളത്തിന് അനുകൂലമായി. ഒരുഘട്ടത്തില്‍ കേരളത്തിന്റെ സ്‌കോര്‍ ഹരിയാന മറികടക്കുമെന്ന് തോന്നിച്ചെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് അര്‍ഹിച്ച ജയം സ്വന്തമാക്കുകയായിരുന്നു.
സ്‌കോര്‍: ഹരിയാന ഒന്നാം ഇന്നിംഗ്‌സ് 208, രണ്ടാം ഇന്നിംഗ്‌സ് 173. കേരളം ഒന്നാം ഇന്നിംഗ്‌സ് 389.
Discussion about this post