തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍(89) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിമാറ്റിയെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നരം ശാന്തികവാടത്തില്‍.
ആറ് തവണ എം.എല്‍.എയും മൂന്നു തവണ മന്ത്രിയുമായിരുന്നു ഇ. ചന്ദ്രശേഖരന്‍ നായര്‍. 1957ലെ ഒന്നാം കേരള നിയമസഭയിലെ സഭയിലെ അംഗമായിരുന്നു. ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയായി കൊട്ടാരക്കരയില്‍ നിന്നു മത്സരിച്ചാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്. 1967ല്‍ വീണ്ടും കൊട്ടാരക്കരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1970 ഏപ്രിലില്‍ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനു വേണ്ടി ചന്ദ്രശേഖരന്‍ നായര്‍ എം.എല്‍.എ. സ്ഥാനം രാജിവെച്ച് സീറ്റ് ഒഴിഞ്ഞുകൊടുത്തു. 1977ലും 80ലും ചടയമംഗലത്തുനിന്നും 87ല്‍ പത്തനാപുരത്തുനിന്നും വിജയിച്ചു. 1996ല്‍ കരുനാഗപ്പള്ളിയില്‍ നിന്ന് ജയിച്ചു.
1980, 87, 96 കാലഘട്ടങ്ങളില്‍ മന്ത്രിയായി. ഭക്ഷ്യം, പൊതുവിതരണം, ടൂറിസം, നിയമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. എട്ട് വര്‍ഷം സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാവേലി സ്റ്റോറുകള്‍ എന്ന ആശയം ആവിഷ്‌കരിച്ച് നടപ്പിലാക്കിയത് ചന്ദ്രശേഖരന്‍ന്‍ നായര്‍ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്തായിരുന്നു.
കൊട്ടാരക്കര ഈശ്വരവിലാസത്തില്‍ ഈശ്വരന്‍പിള്ളയുടെയും മീനാക്ഷിയുടെയും മൂത്തമകനായി 1928 ഡിസംബര്‍ രണ്ടിനായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. കൊട്ടാരക്കര ഹൈസ്‌ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. എസ്.ബി. കോളേജില്‍ ഇന്റര്‍മീഡിയറ്റ് പഠനം. അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം. കുറേക്കാലം അധ്യാപകനായി ജോലി നോക്കി. 1950ല്‍ എറണാകുളം ലോ കോളേജിലെ ആദ്യ ബാച്ചില്‍ നിയമിരുദമെടുത്തു. മനോരമയാണ് ഭാര്യ. ഒരു മകനും ഒരു മകളും.
Discussion about this post