തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ 30 ന് ഉച്ചക്ക് 12 നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടതായി മുന്നറിയപ്പ് നല്‍കിയത്.
ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് മനസിലായാല്‍ അഞ്ചു മുതല്‍ മൂന്നു ദിവസം വരെ മുമ്പ് 12 മണിക്കൂര്‍ ഇടവിട്ട് മുന്നറിയപ്പ് നല്‍കണമെന്നാണ് മാനദണ്ഡം. രണ്ട് ദിവസം മുമ്പ് ചുഴലിക്കൊടുങ്കാറ്റിന്റെ ദിശ, വേഗത തുടങ്ങിയ വ്യക്തമാക്കി രണ്ടുമണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ് നല്‍കേണ്ടതാണ്. എന്നാല്‍ ഓഖിയുടെ കാര്യത്തില്‍ ഇക്കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
30 ന് ഉച്ചക്ക് 12 ന് മുന്നറിയിപ്പ് ലഭിച്ച ശേഷം അഞ്ച് മിനിറ്റിനുള്ളില്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ഉണര്‍ന്നു പ്രവര്‍ത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഉടന്‍ തന്നെ നേവി, കോസ്റ്റ്ഗാര്‍ഡ്, കരസേന തുടങ്ങിയവയ്‌ക്കെല്ലാം മുന്നറിയപ്പ് നല്‍കി. എന്നാല്‍ ഈ സമയം മത്സ്യത്തൊഴിലാളികള്‍ കടലില്‍പോയിക്കഴിഞ്ഞിരുന്നതിനാലാണ് രക്ഷാപ്രവര്‍ത്തനം ശ്രമകരമായത്.
ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പ് ലഭിച്ചതിനു ശേഷം ഒരു നിമിഷംപോലും പാഴാക്കാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്ഥാനസര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത ദുരന്തമാണ്. ഇത്രയും ശക്തമായ ചുഴലിക്കാറ്റ് നൂറ്റാണ്ടില്‍ ആദ്യമായിട്ടാണ് കേരളത്തില്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post