അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ മികച്ച വിജയം നേടി. മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും ഉജ്ജ്വല വിജയമാണ് നേടിയത്.
തെരഞ്ഞെടുപ്പിനിടെ ഉയര്‍ന്ന ഓഡിയോ വിവാദത്തില്‍ കഴമ്പില്ലെന്ന് തെളിയിക്കുന്നതായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വിജയം. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ 50,412 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയ് രൂപാണി കോണ്‍ഗ്രസിന്റെ ഇന്ദ്രനീല്‍ രാജ്ഗുരുവിനെ പരാജയപ്പെടുത്തിയത്.
വോട്ടെണ്ണലിന്റെ ആരംഭഘട്ടത്തില്‍ പിന്നിലായിരുന്നുവെങ്കിലും ഫലം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ജയം ഉജ്വലമായി. ലീഡ് നിലയില്‍ ഇടക്ക് മാറ്റമുണ്ടായെങ്കിലും മൊഹ്‌സാനയില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ വിജയവും തിളക്കമാര്‍ന്നതായി. ജീവാഭായി പട്ടേലിനെതിരെ 9,584 വോട്ടുകള്‍ക്കാണ് നിതിന്‍ പട്ടേലിന്റെ ജയം. ഭാവ് നഗര്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ജിതു വഗാനി വിജയിച്ചത്. ഭൂരിപക്ഷം 27,185 വോട്ട്.
എന്നാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അര്‍ജുന്‍ മോത്‌വാദിയയും ശക്തിസിംഗ് ഗൊഹിലും പരാജയം തൊട്ടറിഞ്ഞു. മോത്‌വാദിയ പോര്‍ബന്തറിലും ഗൊഹില്‍ മാണ്ഡ്‌വിയിലുമാണ് മത്സരിച്ചത്.
അതേസമയം ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍ രാധന്‍പൂരില്‍ നിന്ന് വിജയിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വഡ്ഗാമില്‍ രംഗത്തിറങ്ങിയ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും വിജയിച്ചു. കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും പിന്തുണയോടെയായിരുന്നു മേവാനി മത്സരിച്ചത്.
Discussion about this post