തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ നഷ്ടം വിലയിരുത്തുന്നതിനെത്തിയ കേന്ദ്ര സംഘം 404 കോടി രൂപയുടെ അടിയന്തര സഹായത്തിന് ശുപാര്‍ശ ചെയ്യും. കേരളം 442 കോടി രൂപയുടെ അടിയന്തര സഹായമാണ് ആവശ്യപ്പെട്ടത്. കേന്ദ്ര ദുരന്തനിവാരണ മാനദണ്ഡപ്രകാരം നല്‍കാവുന്ന പരമാവധി തുകയാണ് കേന്ദ്ര സംഘം ശുപാര്‍ശ ചെയ്യാമെന്നറിയിച്ചിരിക്കുന്നത്. കേരളത്തിന്റെ തീരമേഖലയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി കേന്ദ്ര ദുരന്തനിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കുമെന്നറിയിച്ചത്.
കേരളത്തിന്റെ ആവശ്യങ്ങള്‍ ന്യായമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീരമേഖലയുടെ പുരോഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ദീര്‍ഘകാല പദ്ധതികള്‍ക്ക് സഹായകരമാകുന്ന പരാമര്‍ശങ്ങളും കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ടാവും. റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റിക്ക് ഉടന്‍ സമര്‍പ്പിക്കുമെന്ന് ബിപിന്‍ മല്ലിക് അറിയിച്ചു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.
കേരളം ആദ്യം 422 കോടി രൂപയുടെ അടിയന്തര സഹായമാണ് ആവശ്യപ്പെട്ടിരുന്നതെന്നും ഇത് 442 കോടിയായി പിന്നീട് ഉയര്‍ത്തുകയായിരുന്നുവെന്നും മന്ത്രി തോമസ് ഐസക്ക് യോഗത്തിനു ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. സംസ്ഥാനത്തിന്റെ ബുദ്ധിമുട്ടും സങ്കടവും കേന്ദ്ര സംഘത്തിന് ബോധ്യപ്പെട്ടതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. ദീര്‍ഘകാല പാക്കേജായി കേരളം 7340 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തീരമേഖലയിലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് വിവിധ നൈപുണ്യ പരിശീലനം നല്‍കണമെന്നും മത്‌സ്യത്തില്‍ നിന്നുള്ള ഉപോത്പന്നങ്ങള്‍ തയ്യാറാക്കുന്നതിന് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചു.
മത്‌സ്യത്തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട യന്ത്ര ബോട്ടുകള്‍ ലഭ്യമാക്കണമെന്നും ബോട്ടുകളില്‍ ജി. പി. എസ് സംവിധാനം ഉള്‍പ്പെടെ ഏര്‍പ്പെടുത്തണമെന്നും സംഘം നിരീക്ഷിച്ചു. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്ന സാഹചര്യത്തില്‍ മത്‌സ്യത്തൊഴിലാളികളെ കടല്‍ തീരത്തിനു സമീപത്തു നിന്ന് മാറ്റി പുനരധിവസിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ ഭവനങ്ങള്‍ സേഫ് സോണില്‍ നിര്‍മ്മിക്കുക, മാരിടൈം ബോര്‍ഡ് സ്ഥാപിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും സംഘം മുന്നോട്ടു വച്ചു. ഈ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. കേരളത്തിന്റെ തീരമേഖലയില്‍ ജനസാന്ദ്രത കൂടുതലായതിനാല്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം കേന്ദ്ര സംഘത്തോടാവശ്യപ്പെട്ടു.
ഓഖി ദുരന്തബാധിത പ്രദേശങ്ങളുടെ ചിത്രങ്ങളും ഓഖി ദുരന്തത്തെക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും ഉള്‍ക്കൊളളിച്ച് ആല്‍ബം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ബിപിന്‍ മല്ലിക്കിന് കൈമാറി. ഈ മാസം 26ന് കേരളത്തിലെത്തിയ കേന്ദ്ര സംഘം മൂന്നായി തിരിഞ്ഞാണ് 28 വരെ കേരളത്തിലെ വിവിധ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
Discussion about this post