തിരുവനന്തപുരം: ജനുവരി 17 മുതല്‍ 19 വരെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, ആരോഗ്യ സമിതി അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് വേണ്ടി കിലയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക വെര്‍ച്ച്വല്‍ ശില്‍പശാല സംഘടിപ്പിക്കും. ഓരോ പ്രദേശത്തിന്റേയും പ്രത്യേകതകള്‍ മനസിലാക്കി അനുയോജ്യമായ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ നടപ്പാക്കുന്നെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. 201819 ലെ പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ‘ആരോഗ്യ ജാഗ്രത’ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കാനായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം
വന്‍ പൊതുജന പങ്കാളിത്തത്തോടെ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ ജില്ലാതല ഉദ്ഘാടനം നടത്തി ‘ആരോഗ്യ ജാഗ്രത’ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മഴക്കാലപൂര്‍വ പരിപാടികള്‍ക്ക് പകരം ഒരു വര്‍ഷം നീളുന്ന സമഗ്രവും തീവ്രവുമായ കാര്യപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനവ്യാപകമായി ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഒരുമിച്ച് വീടുകള്‍ തോറും ബോധവത്ക്കരണം നല്‍കി ഉറവിട നശീകരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും.
Discussion about this post