തിരുവനന്തപുരം: ബോണക്കാടും വിതുരയിലും കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷം നിര്‍ഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യത്തില്‍ പൊലീസിനും വിശ്വാസികള്‍ക്കും വീഴ്ചയുണ്ടായിട്ടുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവരെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടി ഒഴിവാക്കേണ്ടതായിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്.
ബന്ധപ്പെട്ട കക്ഷികളെ എല്ലാവരെയും ഉള്‍പ്പെടുത്തി സമവായം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. കോടതി തീരുമാനം വരുന്നത് വരെ വിശ്വാസികള്‍ ക്ഷമ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബോണക്കാട് വനത്തിനുള്ളില്‍ കുരിശു സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് സഭ പിന്‍മാറണം. കാരണം ബോണക്കാട് വനമേഖല എന്നത് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ മേഖലയെ വന്യജീവികളുടെ ആവാസത്തിനായി വിട്ടു കൊടുക്കേണ്ടതാണെന്ന ബോധ്യമുള്ളതു കൊണ്ടാണ് ഹൈക്കോടതി തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടത്.
കേന്ദ്ര അനുമതിയില്ലാതെ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കില്ല. കുറിഞ്ഞി ദേശീയ ഉദ്യാനം പോലെ തന്നെ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലമാണ് ഇതും. അതിനാല്‍ തന്നെ അവിടെ കുരിശ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് സഭ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post