തിരുവനന്തപുരം: തീര്‍ഥാടക ബാഹുല്യത്തിനനുസരിച്ച് ശബരിമലയെ മികച്ച തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പരാതികള്‍ക്ക് ഇടനല്‍കാതെ ശബരിമലയിലെ മണ്ഡലമകരവിളക്ക് തീര്‍ഥാടനകാലം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചപ്പോഴും അതിനനുസരിച്ച് മികച്ച സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തമ്മിലുള്ള ഏകോപനം സാധ്യമായാല്‍ ഭംഗിയായി സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്നതിന്റെ നല്ല ഉദാഹരണമാണ് ഇത്തവണത്തെ തീര്‍ഥാടനകാലം. ഇതിനായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. ഈ തീര്‍ഥാടനകാലത്ത് വിവിധ സൗകര്യങ്ങള്‍ ഒരുക്കാന്‍ 38 കോടി രൂപയാണ് ശബരിമലയില്‍ മാത്രമായി സര്‍ക്കാര്‍ ചെലവഴിച്ചത്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട റോഡ് നവീകരണം, മറ്റ് പശ്ചാത്തല സൗകര്യമൊരുക്കല്‍ എന്നിവയ്ക്ക് വേറെയും.
മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ക്കായി 98 കോടി രൂപ ചെലവഴിച്ചെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post