തിരുവനന്തപുരം: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവസംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന രാമരാജ്യരഥയാത്രയുടെ തിരുവനന്തപുരം ജില്ലാസ്വാഗതസംഘരൂപീകരണയോഗം കിഴക്കേകോട്ട ഹിന്ദുധര്‍മ്മ പരിഷത് സ്വാഗതസംഘം കാര്യാലയത്തില്‍ നടന്നു. 2018 ഫെബ്രുവരി 13 മഹാശിവരാത്രി മുതല്‍ മാര്‍ച്ച് 25 ശ്രീരാമനവമി വരെയാണ് രാമരാജ്യരഥയാത്ര നടക്കുന്നത്.
അയോദ്ധ്യയില്‍ നിന്ന് രാമേശ്വരത്തേക്കും തുടര്‍ന്ന് കന്യാകുമാരി വഴി അനന്തപുരിയിലേക്കും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലേക്കും നടക്കുന്ന രഥയാത്രയുടെ എല്ലാഒരുക്കങ്ങളും പൂര്‍ത്തിയായതായി ശ്രീ ശക്തിശാന്താനന്ദ മഹര്‍ഷി പറഞ്ഞു.
അയോദ്ധ്യയില്‍ യൂപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമരാജ്യരഥയാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ആറുസംസ്ഥാനങ്ങളിലൂടെ 6000-ല്‍ പരം കി.മീ സഞ്ചരിക്കുന്ന രഥയാത്രയ്ക്ക് രാജ്യമെമ്പാടും വിപുലമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. അനന്തപുരിയില്‍ രഥയാത്ര എത്തിച്ചേരുമ്പോള്‍ പുത്തരിക്കണ്ടംമൈതാനിയില്‍(സ്വാമി സത്യാനന്ദസരസ്വതി നഗര്‍) രാമരാജ്യ സമ്മേളനം നടക്കും. സമ്മേളനത്തില്‍ സന്യാസിശ്രേഷ്ഠന്‍മാര്‍, സാംസ്‌കാരികനായകര്‍ തുടങ്ങി സമൂഹത്തില്‍ വിവിധമേഖലയിലുള്ളവര്‍ പങ്കെടുക്കും. അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത്തിന്റെ അനന്തപുരി ഹിന്ദുമഹാസമ്മേളനം രാമരാജ്യസമ്മേളനത്തോടെ സമാപിക്കും.
പണ്ഡിതരത്‌നം ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍ രക്ഷാധികാരിയായും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്‍ത്തികേയന്‍ ചെയര്‍മാനുമായി 101 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. ശ്രീ ശക്തിശാന്താനന്ദ മഹര്‍ഷി, വിശ്വഹിന്ദുപരിഷത് ക്ഷേത്രീയ സെക്രട്ടറി കെ.എന്‍.വെങ്കിടേഷ്, അനന്തപുരി ഹിന്ദുമഹാസമ്മേളനം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post