തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സമുചിതമായി ആചരിക്കണമെന്ന് പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും സര്‍വകലാശാല/കോളേജുകള്‍/സ്‌കൂളുകള്‍ എന്നിവിടങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. ആഘോഷ പരിപാടികളില്‍ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ വകുപ്പ്/സ്ഥാപനമേധാവികള്‍ നടപടി സ്വീകരിക്കണം.
തലസ്ഥാനത്ത് രാവിലെ 8.30 ന് ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് സായുധസേനാ പരേഡും ദേശീയ ഗാനാലാപനവും കരവ്യോമപോലീസ് സേനാംഗങ്ങള്‍, സൈനിക സ്‌കൂള്‍, എന്‍.സി.സി., സ്‌കൗട്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ഗാര്‍ഡ് ഓഫ് ഓണറും നടക്കും. ഇതേസമയം തന്നെ ജില്ലാ ആസ്ഥാനങ്ങളിലും ദിനാചരണം സംഘടിപ്പിക്കും. ബന്ധപ്പെട്ട സംസ്ഥാന മന്ത്രിമാര്‍ ഓരോ ജില്ലയിലും ദേശീയ പതാക ഉയര്‍ത്തും. ഉപജില്ലാ, ബ്ലോക്ക് തലങ്ങളില്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റോ ദേശീയ പതാക ഉയര്‍ത്തും. പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ്/മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍/മേയര്‍ എന്നിവരും സര്‍ക്കാര്‍ ഓഫീസുകള്‍/സ്‌കൂളുകള്‍/കോളേജുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വകുപ്പ്/ഓഫീസ് മേധാവികളും ദേശീയ പതാക ഉയര്‍ത്തും.
ദേശീയ പതാക ഉയര്‍ത്തിയ ശേഷം ദേശീയ ഗാനാലാപനം, പ്രസംഗം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തണം. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും അറ്റന്‍ഷനായി നില്‍ക്കണം. യൂണിഫോം ധരിച്ച എല്ലാ ഉദ്യോഗസ്ഥരും ദേശീയ പതാകയെ സല്യൂട്ട് ചെയ്യണം. റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണമെന്നും പ്ലാസ്റ്റിക്കുകൊണ്ടുള്ള ദേശീയ പതാക നിര്‍മിക്കുകയോ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
Discussion about this post