തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായി നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്ക് രാവിലെ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക്. കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാരും സമരത്തിനിറങ്ങുന്നത്. ഓട്ടോ, ടാക്‌സികള്‍ക്കു പുറമെ ചരക്കുലോറികളും സ്വകാര്യ ബസുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നു സമരസമിതി അറിയിച്ചിട്ടുണ്ട്.
പൊതുഗതാഗത സംവിധാനം പൂര്‍ണമായും മുടങ്ങുന്നതു സര്‍ക്കാര്‍ ഓഫീസുകളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തെ ബാധിക്കും. സ്‌പെയര്‍ പാട്‌സുകള്‍ വില്‍ക്കുന്ന കടകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയും അടച്ചിടും. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, ആരോഗ്യസര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. അതേസമയം പിഎസ്സി പരീക്ഷകള്‍ക്കു മാറ്റമില്ല.
കെഎസ്ആര്‍ടിസിയില്‍ വ്യക്തമായ കാരണങ്ങളില്ലാതെ ജീവനക്കാര്‍ക്ക് അവധി നല്‍കരുതെന്നും പോലീസ് സംരക്ഷണത്തോടെ പരാമവധി സര്‍വീസുകള്‍ നടത്തണമെന്നും എംഡി ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post