ന്യൂഡല്‍ഹി: ഭാരതത്തിന്റെ 69-ാം റിപ്പബ്‌ളിക് ദിനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെയുള്ള ആഘോഷങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാനങ്ങളില്‍ രാവിലെ തന്നെ ആഘോഷ ചടങ്ങുകള്‍ക്ക് ആരംഭിച്ചു. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പത്തു രാഷ്ട്രത്തലവന്മാരാണ് അതിഥികളായെത്തിയത്.
രാവിലെ ഒന്‍പതു മണിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യാഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് രാജ്പഥിലൂടെ കര-നാവിക-വ്യോമ സേനകളുടെ പരേഡ് നടന്നു.
ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്. ബ്രൂണെ, കംബോഡിയ, സിംഗപ്പൂര്‍, ഇന്തൊനേഷ്യ, മലേഷ്യ, മ്യാന്‍മര്‍, ലാവോസ്, തായ്ലന്‍ഡ്, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് ഇത്തവണ ഡല്‍ഹിയിലെത്തിയത്.
ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാസന്നാഹങ്ങളാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. 60,000 സൈനികരെയാണ് ആഘോഷ ചടങ്ങുകള്‍ നടക്കുന്ന രാജ്പഥിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്.
Discussion about this post