തിരുവനന്തപുരം: രാഷ്ട്രപിതാവിന്റെ ജീവിതത്തിലെ അത്യപൂര്‍വ്വ നിമിഷങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോകള്‍, വീഡിയോകള്‍ ഗാന്ധിജി കഥാപാത്രമായ കാര്‍ട്ടൂണുകള്‍ എന്നിവയുടെ പ്രദര്‍ശനം ആരംഭിച്ചു. കേരള മീഡിയാ അക്കാഡമി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാംസ്‌കാരിക പുരാവസ്തു വകുപ്പുകള്‍ എന്നിവര്‍ സംയുക്തമായാണ് വി.ജെ.ടി. ഹാളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
മഹാത്മാഗാന്ധി ജീവിച്ചിരുന്നപ്പോള്‍ ഇന്ത്യയിലേയും വിദേശത്തേയും നൂറോളം പേര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി എ.കെ. ചെട്ടിയാര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി അവതരിപ്പിക്കും. ദൂരദര്‍ശന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയും, ഗാന്ധിജിയുടെ ജീവിതം പകര്‍ത്തിയ മറ്റ് ഡോക്യുമെന്റെറികളും വി.ജെ.ടി ഹാളില്‍ പ്രദര്‍ശിപ്പിക്കും. ആകാശവാണിയില്‍ മഹാത്മാഗാന്ധി നടത്തിയ പ്രഭാഷണവും പ്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് കേള്‍ക്കാനാവും.
മഹാത്മാഗാന്ധി ജീവിച്ചിരുന്ന കാലയളവില്‍ ഇന്ത്യയിലേയും വിദേശത്തേയും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളും, ഗാന്ധിജിയുടെ മരണശേഷം സൃഷ്ടിക്കപ്പെട്ട കാര്‍ട്ടൂണുകളും പ്രദര്‍ശനത്തിലുണ്ട്. കണ്ണൂര്‍, കോഴിക്കോട്, ഗുരുവായൂര്‍, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ മഹാത്മാഗാന്ധിനടത്തിയ യാത്രകളുടെ അപൂര്‍വ്വ ചിത്രങ്ങള്‍ ഫോട്ടോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജി വെടിയേറ്റുവീണ ബിര്‍ലാഹൗസിലെ രക്തം പുരണ്ട മണ്ണും പ്രദര്‍ശനത്തിനായി തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്.
Discussion about this post