ന്യൂഡല്‍ഹി: പത്ത് ആണ്‍കുട്ടികള്‍ക്കു തുല്യമാണ് ഒരു പെണ്‍കുട്ടിയെന്നും രാഷ്ട്രത്തിന്റെ പുരോഗതിക്കു സ്ത്രീശക്തീകരണം അനിവാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുദ്ധവിമാനങ്ങള്‍ നിയന്ത്രിക്കാന്‍ വരെ സ്ത്രീകള്‍ പരിശീലനം നേടിക്കഴിഞ്ഞെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇത്തവണത്തെ പദ്മ അവാര്‍ഡുകള്‍ ഒരു ശുപാര്‍ശയുമില്ലാതെയാണ് അര്‍ഹരായവരെ കണ്ടെത്തിയതെന്നും നാട്ടുവൈദ്യത്തില്‍ വിദഗ്ധയായ മലയാളി ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പദ്മ പുരസ്‌കാരം ലഭിച്ചത് അങ്ങനെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വ്യോമസേനയുടെ മൂന്നു വനിതാ പൈലറ്റുകള്‍ ജെറ്റ് യുദ്ധവിമാനത്തില്‍ പറക്കാന്‍ ഒരുങ്ങുകയാണ്. അവരുടെ പരിശീലനം പൂര്‍ത്തിയായി കഴിഞ്ഞു. വനിതകള്‍ക്ക് അസാധ്യമായത് ഒന്നുമില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണത്. ഉറച്ച ആഗ്രഹമുണ്ടെങ്കില്‍ വനിതകള്‍ക്ക് അസാധ്യമായത് ഒന്നുമില്ലെന്ന് ബഹിരാകാശ ദൗത്യത്തിനിടെ മരണമടഞ്ഞ കല്‍പ്പന ചൗളയുടെ പേര് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.
പദ്മ പുരസ്‌കാരങ്ങള്‍ക്കായി ജേതാക്കളെ തെരഞ്ഞെടുക്കുന്നതില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിരവധി മാറ്റങ്ങളുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെട്രോ നഗരങ്ങളില്‍ ജീവിക്കുന്നവരും പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരുമല്ലാത്ത സാധാരണക്കാരായ നിരവധി ആളുകള്‍ക്ക് പുരസ്‌കാരം ലഭിക്കുന്നു. അവരുടെ പ്രശസ്തിയല്ല, അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കാണ് പ്രാധാന്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post