അഞ്ചല്‍: കഥകളി ആചാര്യന്‍ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍(89) വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു. അഞ്ചല്‍ അഗസ്ത്യക്കോട് ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. രാവണവിജയം കഥകളിയില്‍ രാവണ വേഷം അഭിനയിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രം ഭാരവാഹികളും കൂടെ ഉണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2011ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് കിളിമാനൂരിലെ വസതിയില്‍ നടക്കും.
1929ല്‍ തിരുവനന്തപുരം ജില്ലയിലെ മടവൂര്‍ കാരോട്ട് പുത്തന്‍വീട്ടില്‍ രാമക്കുറുപ്പിന്റെയും കല്ല്യാണിയമ്മയുടെയും ഏഴു മക്കളില്‍ മൂന്നാമനായാണ് അദ്ദേഹം ജനിച്ചത്. 12ാം വയസു മുതല്‍ മടവൂര്‍ പരമേശ്വരന്‍ പിള്ളയുടെ കീഴില്‍ കഥകളി അഭ്യസിച്ചു തുടങ്ങി. പിന്നീട് കുറിച്ചി കുഞ്ഞന്‍ പണിക്കരുടെ കീഴിലും ശേഷം കത്തി വേഷങ്ങളില്‍ ആട്ട വേദികളെ പ്രകമ്പനം കൊള്ളിച്ച ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ കീഴിലും കഥകളി അഭ്യസിച്ചു.
ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ കഥകളി പഠിച്ച ഇദ്ദേഹം പുരാണബോധം, മനോധര്‍മ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യസങ്കല്‍പ്പം തുടങ്ങിയ വേഷങ്ങളെ മികച്ചതാക്കി. കഥകളി അധ്യാപകന്‍ കൂടിയായിരുന്ന മടവൂര്‍, സംഗീത നാടക അക്കാദമി അവാര്‍ഡ് ,കേന്ദ്രസര്‍ക്കാര്‍ ഫെലോഷിപ്പ്, കലാമണ്ഡലം അവാര്‍ഡ്, തുളസീവനം അവാര്‍ഡ് ,രംഗ കുലപതി, കലാദര്‍പ്പണ അവാര്‍ഡുകളും നേടിയിട്ടുണ്ട്. 10 വര്‍ഷത്തോളം കേരള കലാമണ്ഡലത്തില്‍ അദ്ധ്യാപകനായിരുന്നു.
സാവിത്രിയമ്മയാണ് ഭാര്യ. മക്കള്‍: മധു, മിനി ബാബു, ഗംഗ തമ്പി (അടയാര്‍ കലാക്ഷേത്രം അദ്ധ്യാപിക). മരുമക്കള്‍: താജ് ബീവി, കിരണ്‍ പ്രഭാകര്‍, തമ്പി.
Discussion about this post