കൊച്ചി: അറ്റകുറ്റപ്പണിക്കിടെ കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ട സ്വദേശി കെവിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണ്. മൃതദേഹങ്ങള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് അപകടമുണ്ടായത്. എണ്ണ പര്യവേഷണത്തിന് ഉപയോഗിക്കുന്ന ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പലിന്റെ വാട്ടര്‍ ടാങ്ക് അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
സ്‌ഫോടനത്തിന് പിന്നാലെ കപ്പല്‍ശാലയിലേക്ക് പുറത്തുനിന്നുള്ള ഫയര്‍ഫോഴ്‌സും എത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം. പോലീസ് കപ്പല്‍ശാലയില്‍ പ്രവേശിച്ചിട്ടുണ്ട്.
Discussion about this post