കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൃത്യംനടന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിന് എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് കോടതി ആരാഞ്ഞു.
കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് ബി.കെമാല്‍പാഷയാണ് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
തന്റെ മുന്‍പിലിരിക്കുന്നത് ഒരു മനുഷ്യനെ വെട്ടിനുറുക്കിയതിന്റെ ചിത്രങ്ങളാണെന്ന് സര്‍ക്കാര്‍ അഭിഭാഷകനെ ഹൈക്കോടതി ഓര്‍മിപ്പിച്ചു. പോലീസില്‍ ചാരന്മാരുണ്ടെന്ന് കണ്ണൂര്‍ എസ്പി തന്നെ പറയുന്നതിലും ഹൈക്കോടതി വിശദീകരണം തേടി. സിബിഐയുടെയും സര്‍ക്കാരിന്റെയും വിശദീകരണം കേള്‍ക്കാന്‍ ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ശുഹൈബിന്റെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇവരുടെ ആവശ്യം പരിഗണിച്ചാണ് ഇന്ന് തന്നെ ഹര്‍ജി പരിഗണിച്ചത്.
നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. സിപിഎം പറയുന്ന രീതിയിലാണ് കേസ് അന്വേഷണം മുന്നോട്ടുപോകുന്നത്. ശരിയായ ദിശയിലല്ല അന്വേഷണം നടക്കുന്നത്.
കേസില്‍ അറസ്റ്റിലായ പ്രതികളും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടുണ്ട്. അതിനാല്‍ തന്നെ പ്രതികളുമായി സിപിഎം നേതൃത്വത്തിനുള്ള പങ്ക് വ്യക്തമാണ്.
സംഭവത്തില്‍ ഉന്നതതല ഗൂഢാലോചന സംശയിക്കുന്നുവെന്നും ഇത് പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും മാതാപിതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
Discussion about this post