ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സിനിമയ്ക്ക് ഇത്തവണ മികച്ച നേട്ടം. മികച്ച സംവിധായകനായി ജയരാജിനെയും (ചിത്രം ഭയനാകം) മികച്ച സഹനടനായി ഫഹദ് ഫാസിലിനെയും മികച്ച ഗായകനായി യേശുദാസിനെയും ജൂറി തെരഞ്ഞെടുത്തു. സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്ത്. ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം എന്ന ഗാനത്തിനാണ് യേശുദാസിന് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ചത്. എട്ടാം തവണയാണ് യേശുദാസ് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടുന്നത്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള സിനിമ. മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയ്ക്കുള്ള പുരസ്‌കാരം ആളൊരുക്കം എന്ന ചിത്രത്തിന് ലഭിച്ചു.
ടേക്ക് ഓഫിനും ചിത്രത്തിലെ പാര്‍വതിയുടെ പ്രകടനത്തിനും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിനായി ജൂറി അവസാനം വരം പരിഗണിച്ചിരുന്നു.
ഭയാനകം എന്ന ചിത്രത്തിന് കാമറ ചലിപ്പിച്ച നിഖില്‍ എസ്. പ്രവീണിനാണ് മികച്ച കാമറാമാനുള്ള പുരസ്‌കാരം. സന്തോഷ് രാജനാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം (ചിത്രം: ടേക്ക് ഓഫ്). കഥേതര വിഭാഗത്തില്‍ വയനാട്ടിലെ പണിയ സമുദായത്തിന്റെ ജീവിതം പറയുന്ന അനീസ് കെ. മാപ്പിള സംവിധാനം ചെയ്ത സ്ലേവ് ജനിസിസ് എന്ന ചിത്രം പുരസ്‌കാരം നേടി.
Discussion about this post