മലപ്പുറം/കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഹര്‍ത്താലിന്റെ പേരില്‍ മലപ്പുറത്തെ തിരൂരിലും കണ്ണൂരിലും സമാധാനാന്തരീക്ഷം തകര്‍ക്കാനെന്ന് പരക്കെ ആക്ഷേപം. ഹര്‍ത്താല്‍ അനുകൂലികള്‍ എന്ന വ്യാജേന തെരുവിലിറങ്ങിയ ഒരുകൂട്ടം ആളുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ ബലമായി അടപ്പിച്ചു. തിരൂരിലും കണ്ണൂരിലും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനവും നടത്തി.
പ്രകടനമായി എത്തിയവര്‍ വാഹന ഗതാഗതവും തടയാന്‍ ശ്രമിച്ചു. കടകള്‍ അടപ്പിക്കുന്നത് വ്യാപാരികള്‍ കൂട്ടമായി തടഞ്ഞതോടെയാണ് സ്ഥലത്ത് ഉന്തു തള്ളുമുണ്ടായത്. വ്യാജ ഹര്‍ത്താല്‍ ആയിരുന്നതിനാല്‍ പോലീസും മുന്‍ കരുതലുകളൊന്നും സ്വീകരിച്ചിരുന്നില്ല.
പുലര്‍ച്ചെ ഹര്‍ത്താല്‍ എന്ന പേരില്‍ ഒരുസംഘം മലപ്പുറം ജില്ലയിലെ ചിലയിടങ്ങളിലും കാസര്‍ഗോഡ് ജില്ലയിലെ ചില സ്ഥലങ്ങളിലും വാഹനങ്ങള്‍ തടഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് തിങ്കളാഴ്ച ഹര്‍ത്താല്‍ എന്ന പേരില്‍ നവമാധ്യമങ്ങള്‍ വഴി പ്രചരണം നടന്നത്. ആര്, എന്ത് കാര്യത്തിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചുവെന്ന് പോലും രേഖപ്പെടുത്താത്ത സന്ദേശങ്ങളായിരുന്നു സോഷ്യല്‍മീഡിയയില്‍ എത്തിയത്.
Discussion about this post