തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത് ചില സംഘടനകള്‍ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ പൊതുമുതല്‍ നശീകരണവും അതിക്രമവും നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വടക്കന്‍ജില്ലകളിലാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് വാഹന ഗതാഗതം തടസപ്പെടുത്തലും അതിക്രമങ്ങളും കൂടുതലായുണ്ടായത്. അതിക്രമങ്ങളില്‍ മുപ്പതോളം പോലീസുകാര്‍ക്കും കെഎസ്ആര്‍ടിസി ജീവനക്കാരും മറ്റുള്ളവരുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും പോലീസിനും എതിരേ അക്രമം അരങ്ങേറുകയും ചെയ്തു.
ഹര്‍ത്താലിലെ അഴിഞ്ഞാട്ടവുമായി ബന്ധപ്പെട്ടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ഇരുനൂറ്റിയന്പതിലെറെ പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമം തടയുന്നതിനുള്ള മറ്റു മുന്‍കരുതലുകള്‍ നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരുടെയും പേരിലല്ലാതെ സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ നടത്തുന്ന ഇത്തരം ആഹ്വാനങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ മുതലെടുക്കുന്ന സാഹചര്യമുള്ളതിനാല്‍ അതു സംബന്ധിച്ച് അന്വേഷണം നടത്തും. ഭാവിയില്‍ മുന്നറിയിപ്പില്ലാതെയുള്ള ഇത്തരം ആഹ്വാനങ്ങളുടെ ഭാഗമായുള്ള അതിക്രമങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
Discussion about this post