ന്യൂഡല്‍ഹി: ജസ്റ്റീസ് ബി.എച്ച്. ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഗൂഢലക്ഷ്യങ്ങളുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ലോയയുടെ ഒപ്പമുണ്ടായിരുന്ന മറ്റു ജഡ്ജിമാരുടെ മൊഴികളെ സംശയത്തിന്റെ നിഴലില്‍ നിറുത്താന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും വ്യക്തമാക്കിയ കോടതി ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും നിരീക്ഷിച്ചു.
കോടതിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ഹര്‍ജിക്കാര്‍ ശ്രമിച്ചു. പൊതുതാത്പര്യ ഹര്‍ജികള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നും കോടതി വിമര്‍ശിച്ചു. അഭിഭാഷകരായ ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷണ്‍, രാജീവ് ധവാന്‍ എന്നിവരെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. അഭിഭാഷകര്‍ കോടതിയുടെ അന്തസ് കളങ്കപ്പെടുത്താന്‍ ശ്രമിച്ചു. എങ്കിലും ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ലോയ കേസുമായി ബന്ധപ്പെട്ട ഒരു കേസും മറ്റു കോടതികളില്‍ പരിഗണിക്കരുതെന്നും കോടതി ഉത്തരവിട്ടു. ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഏഴ് പൊതുതാത്പര്യ ഹര്‍ജികളും കോടതി തള്ളി.
സൊഹ്‌റാബുദീന്‍ കേസിന്റെ വിചാരണക്കിടെയായിരുന്നു ലോയയുടെ മരണം. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ അദ്ദേഹം 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരിലാണ് മരണപ്പെട്ടത്.
Discussion about this post