തൃശ്ശൂര്‍: ഇന്ന് പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ക്ക് പുറമെ 8 ഘടകപൂരങ്ങളും ഇന്ന് വടക്കുംനാഥന്റെ തിരുമുമ്പിലെത്തും. മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവും കുടമാറ്റത്തിന്റെ വര്‍ണപ്പകിട്ടാസ്വദിക്കാന്‍ തൃശ്ശൂരിലേക്ക് ദിവസങ്ങള്‍ക്ക് മുന്നേ തന്നെ പൂരപ്രേമികള്‍ എത്തിത്തുടങ്ങി.
നെയ്തലക്കാവ് ഭഗവതിയൊരുക്കിയ വീഥിയിലൂടെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത്. വടക്കുംനാഥനെ വണങ്ങി മടങ്ങുമ്പോഴേക്കും മറ്റു ചെറുപൂരങ്ങളും മതില്‍ക്കെട്ടിനകത്തേക്ക് പ്രവേശിക്കും. പാണ്ടി മേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള യാത്ര. അവിടെ ഭഗവതിയുടെ തിടമ്പ് ഇറക്കിവെച്ച ശേഷമായിരിക്കും പൂജ നടക്കുക.
പിന്നീടാണ് മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് പൂരനഗരി സാക്ഷ്യം വഹിക്കും. ഇതിനിടയില്‍ കിഴക്കേ ഗോപുരം വഴി പാറമേക്കാവിന്റെ പാണ്ടിമേളം വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. പിന്നീട് ഇലഞ്ഞിത്തറ മേളത്തില്‍ പുരുഷാരം അലിഞ്ഞുതീരും.
ശേഷം തെക്കേ ഗോപുരം വഴി ഗജവീരന്മാര്‍ താഴേക്കിറങ്ങും. പാറമേക്കാവ് വിഭാഗം വടക്കോട്ടും തിരുവമ്പാടി വിഭാഗം തെക്കോട്ടും അഭിമുഖമായി നിലയുറപ്പിക്കും. പിന്നീടാണ് കണ്ണിന് വിസ്മയം പകരുന്ന കുടമാറ്റം. പുലര്‍ച്ചെ വര്‍ണ്ണാഭമായ വെടിക്കെട്ടും നടക്കും.
കനത്ത സുരക്ഷയാണ് പൂരത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. 3000ത്തോളം പൊലീസുകാരെ പൂരനഗരിയിലുടനീളം വിന്യസിച്ചിട്ടുണ്ട്. വെടിക്കെട്ടിനു മുന്നോടിയായി എല്ലാ മുന്‍കരുതലും എടുത്തതായി ജില്ലാഭരണകൂടം വ്യക്തമാക്കി.
Discussion about this post