അധ്യായം – 2
ബന്ധസ്വരൂപം
ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി
(തുടര്‍ച്ച)
“ദേവമനുഷ്യാദ്യുപാസനാകാമസങ്കല്‌പോ ബന്ധഃ” ഉപാസന ഉപാസകന്റെ അര്‍പ്പണമനോഭാവമാണ്. ഉപാസകന്റെ അര്‍പ്പണമനോഭാവമാണ്. ഉപാസകന്റെ പുരോഗതിയില്‍ ഉപാസനയെന്ന കര്‍മം ഉപാസ്യത്തില്‍ ലയിക്കുകയും ഉപാസകനും ഉപാസ്യവും താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു. മുക്തിമാര്‍ഗത്തെ അവലംബിക്കുന്ന ഉപാസന ഭൗതികലാഭത്തിനുവേണ്ടി അനുഷ്‌ഠിക്കേണ്ടതല്ല. സ്വാര്‍ത്ഥലാഭത്തിനുള്ള സങ്കല്‌പങ്ങളെ കാമനകളെന്നാണ് വിശേഷിപ്പിക്കുന്നത്. കാമനാസങ്കല്‌പത്തോടുകൂടി ഗുരുജനങ്ങളേയോ ദേവന്മാരേയോ ഉപാസിക്കുന്നത് നിഷിദ്ധകര്‍മങ്ങളായിട്ടാണ് വേദാന്തശാസ്‌ത്രം വിലയിരുത്തുന്നത്. മുക്തിക്കുവേണ്ടി ആശ്രയിക്കപ്പെടേണ്ടവനാണ് ഈശ്വരന്‍. അങ്ങനെയുള്ള ഈശ്വരനെ കാമനകള്‍ക്കുവേണ്ടി ഉപാസിക്കുന്നതുമൂലം കാമനയെത്തന്നെ പ്രാപിക്കുകയും മനസ്സ് കാമനാബദ്ധമായിത്തീരുകയും ചെയ്യുന്നു. ഉപാസനയിലെ ലാഭേച്ഛമൂലം ഭൗതികമായി അധഃപതിക്കരുതെന്നുള്ള ഉപദേശം സാധകനും സാധാരണക്കാരനും ഒരേപോലെ ശ്രദ്ധിക്കേണ്ടതാണ്.
“യമാദൃഷ്‌ടാംഗയോഗസങ്കല്‌പോ ബന്ധഃ”. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ടംഗങ്ങള്‍ യോഗശരീരത്തെ സൃഷ്‌ടിക്കുകയും സാധകനെ മുക്തിയിലേക്കു നയിക്കുകയും ചെയ്യുന്നു.
അഹിംസ, സത്യം, അസ്‌തേയം (കക്കാതിരിക്കല്‍) ബ്രഹ്മചര്യം (വീര്യാധാരണം), അപരിഗ്രഹം (ആവശ്യത്തില്‍ക്കവിഞ്ഞ് സ്വീകരിക്കാതിരിക്കുക) ഇവ യമങ്ങള്‍ എന്നറിയപ്പെടുന്നു. (“അഹിംസാസത്യാസ്‌തേയ ബ്രഹ്മചര്യാപരിഗ്രഹാ യമാഃ”) ശൗചം, സന്തോഷം (സംതൃപ്‌തി), തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം (ഈശ്വരസങ്കലുള്ള അര്‍പണം) ഇവ നിയമങ്ങള്‍. (“ശൗചസന്തോഷതപഃസ്വാധ്യായേശ്വരപ്രണിധാനാനി നിയമാഃ”)
യമം, നിയമം, ആസനം, പ്രാണായാമം (പ്രാണശക്തികളെ സ്വാധീനമാക്കല്‍) പ്രത്യാഹാരം (ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്ന് പിന്‍വലിക്കല്‍) ധാരണ (ഒരേ കാര്യത്തെതന്നെ മനസ്സില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്) ധ്യാനം (ഇടതുമിറിയാതെയുള്ള ധാരണ), സമാധി (അനുഭൂതിയെന്ന അതീന്ദ്രിയാവസ്ഥ) ഇവയിലുള്ള സങ്കല്‌പവും ബന്ധം തന്നെ. അഷ്‌ടാംഗയോഗസങ്കല്‌പങ്ങള്‍ മുഖ്യമായും മോക്ഷേച്ഛുവായ സാധകനെ ഉദ്ദേശിച്ചുള്ളതാണ്. ക്രമാനുസൃതമായ സാധനകൊണ്ട് സാധകന് കൈവരിക്കാന്‍ കഴിയുന്ന ഉന്മനീഭാവവും സമാധിയും യോഗസങ്കല്‌പങ്ങളിലൂടെയുള്ള പരിസമാപ്‌തിയിലേക്ക് സാധകനെ നയിക്കുന്നു. എന്നാല്‍ ലോകസംഗ്രഹം എന്നുള്ള ധര്‍മപ്രചരണസങ്കല്‌പം ധര്‍മസംസ്ഥാപനത്തിനുവേണ്ടി ജനിച്ച അവതാരപുരുഷന്‍മാര്‍ നിര്‍വഹിച്ചിട്ടുള്ളതാണ്. തന്മൂലം ലോകത്തെ നിഷിദ്ധമായി തള്ളിക്കളയലല്ല യോഗപരിണാമം; പ്രജ്ഞാവികാസംകൊണ്ട് മനസ്സിന്റെ കാമനകളെ ജയിക്കുവാനും ലോകത്തിന് വന്നിട്ടുള്ള ധര്‍മവിപര്യയം എങ്ങനെയെന്നറിയുവാനും കഴിയുകയെന്നുള്ളതാണ്.
ധര്‍മവിപര്യയങ്ങളെ അറിയുന്നതോടുകൂടി അതിനുപരിഹാരം കാണേണ്ട ആവശ്യവും ലോകസംഗ്രഹാര്‍ത്ഥം നിലകൊള്ളുന്ന ഒരുയോഗിയുടേതാണ്. അഷ്‌ടാഗയോഗപരിശീലനത്തിലൂടെ സിദ്ധിക്കുന്ന സിദ്ധികളോ മുക്തിപദമോ സ്വാര്‍ത്ഥതയുടെ പരിമിതിയില്‍ ഒതുങ്ങുന്നുവെങ്കില്‍ അതു കാമസങ്കല്‌പത്തില്‍ നിന്ന് വ്യത്യസ്‌തമല്ല. മുക്തിക്ക് പ്രേരകമായ അഷ്‌ടാഗയോഗപരിശീലനം ലോകസംഗ്രഹംകൊണ്ടു നഷ്‌ടപ്പെട്ടുവെന്ന് ഭയപ്പെട്ടാല്‍ യോഗവിരോധിയായ ഭയം അയാളെയും പിടികൂടി എന്നാണല്ലോ അര്‍ത്ഥം. നിര്‍ഭയത്വം, നിരാമയത്വം, നിര്‍ഗുണത്വമെന്നിങ്ങനെ വളര്‍ന്നു ചെല്ലേണ്ട യോഗി, യോഗഭ്രംശം വരുമെന്നുള്ള ഭയത്തിന് വിധേയനാകുന്നത് അംഗീകരിക്കാന്‍ സാധ്യമല്ല. തന്മൂലം ലോകസംഗ്രഹാര്‍ത്ഥമുള്ള യോഗിയുടെ സങ്കല്‌പം കര്‍മബാദ്ധ്യതകള്‍ സൃഷ്‌ടിക്കുന്നതോ പുനര്‍ജന്മ ബാദ്ധ്യതകള്‍ക്കിടയാകുന്നതോ ആകാന്‍ പാടില്ല. എന്നാല്‍ അഷ്‌ടാംഗ യോഗസങ്കല്‌പങ്ങള്‍ക്കും ചില ബന്ധങ്ങളുണ്ട്. മൂര്‍ത്തമായ അര്‍ത്ഥത്തില്‍ അഷ്‌ടാംഗയോഗസാധനകളെ എടുക്കുമ്പോള്‍ അവയ്‌ക്കുള്ള ക്ലേശങ്ങളും പരിമിതികളും ബന്ധമായിത്തന്നെ അവശേഷിക്കുന്നു. ഒന്നിനെ മാത്രം ആശ്രയിച്ച് അനുഭൂതി നേടേണ്ടതിന് പകരം യമനിയമാദി എട്ടംഗങ്ങളെ അനുസരിച്ച്, ചെയ്യേണ്ടതിനാലും ബന്ധം തന്നെ. മറ്റുപാസനാമാര്‍ഗങ്ങളേയും സിദ്ധാന്തങ്ങളേയും പുറന്തള്ളിക്കൊണ്ട് എട്ടംഗങ്ങളില്‍ ഒതുങ്ങുന്നു എന്നുള്ളതും ബന്ധനം തന്നെ.
“വര്‍ണാശ്രമധര്‍മസങ്കല്‌പോ ബന്ധ:”
വര്‍ണധര്‍മങ്ങള്‍, ആശ്രമധര്‍മങ്ങള്‍ ഇവയെക്കുറിച്ച് സങ്കല്‌പങ്ങളെല്ലാം ബന്ധങ്ങള്‍ തന്നെ. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശുദ്രന്‍ എന്നീ നാല് വര്‍ണങ്ങള്‍ ഗുത്തിന്റേയും കര്‍മത്തിന്റേയും അടിസ്ഥാനത്തില്‍ സൃഷ്‌ടിക്കപ്പെട്ടവയാണ്. ഓരോ വര്‍ണങ്ങക്കും ഓരോ ധര്‍മവും വിധിച്ചിട്ടുണ്ട്. ഈ ധര്‍മസംഹിതയുടെ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കുന്നത് തന്നെയാണ് ബന്ധം. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ ചതുരാശ്രമങ്ങളും അവയില്‍ അനുഷ്‌ഠോയങ്ങളായ ആശ്രമധര്‍മങ്ങളും അവ സൂചിപ്പിക്കുന്ന പരിമിതിക്കുള്ളിലും സ്വയം സ്വീകരിക്കുന്ന നിയമവ്യവസ്ഥക്കുള്ളിലും സ്ഥിതിചെയ്യുന്നതുകൊണ്ട് ഇവയും ബന്ധങ്ങളല്ലാതെ മറ്റൊന്നുമല്ല. സമൂഹത്തിന്റെ സുസ്ഥിതിയ്‌ക്കു വേണ്ടിയും ഓരോ വ്യക്തിയേയും പുരുഷാര്‍ത്ഥങ്ങളില്‍ ശ്രേഷ്‌ഠമായ മോക്ഷസങ്കല്‌പത്തിലേക്ക് നയിക്കുവാന്‍ വേണ്ടിയുള്ള ക്രമീകരണമെന്ന രീതിയിലും വര്‍ണാശ്രമധര്‍മങ്ങള്‍ ഏകത്വം സ്വരൂപിക്കുന്നുണ്ട്. എന്നാല്‍ ആചാരാനുഷ്‌ഠാനങ്ങളും മറ്റു വൃത്തികളും പരമ്പരാഗതപിരശീലനം കൊണ്ട് കേവലം പരിമിതികളായി ചുരുങ്ങിപ്പോയി. തന്മൂലമുണ്ടായ ബന്ധം ലക്ഷ്യത്തെ വിസ്‌മരിച്ച് മാര്‍ഗത്തില്‍ ബന്ധങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തു. പ്രധാനലക്ഷ്യത്തില്‍ കവിഞ്ഞ് മാര്‍ഗവൈവിധ്യത്തില്‍ ഒതുങ്ങിയതുമൂലം ബന്ധമുക്തിക്കുപകരം ബന്ധം തന്നെ സ്വഭാവമായിത്തീര്‍ന്നു.
“ആജ്ഞാഭയസംശയാത്മഗുണസങ്കല്‌പോ ബന്ധ:”
ആജ്ഞ, ഭയം, സംശയം തുടങ്ങിയ സങ്കല്‌പങ്ങളും ബന്ധങ്ങളായിത്തന്നെയാണ് വ്യവഹരിക്കുന്നത്. ദേഹാഭിമാനം കൊണ്ടുതോന്നുന്ന “ഞാന്‍ വലിയവന്‍” എന്ന ചിന്തയുടെ സന്തതിയാണ് ആജ്ഞ. ദേഹാഭിമാനം തന്നെ ബന്ധമായ സ്ഥിതിക്ക് ആജ്ഞയുടെ കാര്യം പറയേണ്ടതുമില്ലല്ലോ. ഭയമുണ്ടാകുന്നതും ശരീരബോധത്താലാണ്. നഷ്‌ടബോധമോ അതിന്റെ വിശാലാര്‍ത്ഥത്തിലുള്ള മറ്റ് വികാരസംയോഗങ്ങളോ ആണ് ഭയമായി രൂപാന്തപ്പെടുന്നത് ആത്മാവിനെ സംബന്ധിച്ചിടത്തോളം അതിന് നഷ്‌ടബോധത്തിന്റെ കാര്യമില്ല. ആത്മാവിന്റെ കാര്യത്തില്‍ നേടാനും നഷ്‌ടപ്പെടാനും ഒന്നുമില്ല. അതിനെ യാതൊരു വസ്‌തുവിനും യാതൊരുതരത്തിലും പീഡിപ്പിക്കുവാനും സാധ്യമല്ല. കാരണം അതിനുതന്നെയാണ് സര്‍വത്തിന്റെയും അധീശത്വം. ആത്മാവിനെ സംബന്ധിച്ചിടത്തോളം അതിന് ദൈ്വതഭാവമില്ലതന്നെ. അതിനാല്‍ ആരില്‍നിന്ന് ഭയമുണ്ടാകണം എന്നതും പ്രസക്തമായ ചോദ്യമായി അവശേഷിക്കും. സംശയത്തിന്റെ ഉറവിടം മിഥ്യാബോധമാണ് മിഥ്യാബോധത്തിന്റെ അന്തിമഫലമായി തികഞ്ഞ അജ്ഞാനത്തിന്റെ കെട്ടുപാടുകളിലേക്കാണ് ജീവന്‍ വലിച്ചെറിയപ്പെടുന്നത്. അജ്ഞാനത്തിന്റെ സാന്നിധ്യത്തില്‍ മുന്നോട്ടുവരുന്നതാണ് സംശയം. അപ്പോള്‍ ആത്യന്തികമായ ഉണ്മയേയും അതിന്റെ ലക്ഷണങ്ങളേയും സംശയിക്കുമെന്നത് സ്വാഭാവികം മാത്രമാണല്ലോ. “സംശയാത്മാവിനശ്യതി” എന്ന ഗീതാവചനം ഇതിന് ഉറപ്പ് നല്‍കുന്നു. സംശയിക്കുന്ന ജീവാത്മാവിന് നാശം സംഭവിക്കുന്നുവെന്നത് നിസ്‌തര്‍ക്കമാണ്.
(തുടരും)
Discussion about this post