ജയ്പൂര്‍: ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച് മുന്നേറുന്ന മഴയെയും പൊടിക്കാറ്റിനെയും തുടര്‍ന്ന് ജനങ്ങള്‍ക്ക് 48 മണിക്കൂര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. വരും മണിക്കൂറുകളിലും സമാന സാഹചര്യം തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശില്‍ കനത്ത മഴക്കും ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും പൊടിക്കാറ്റ് അതിശക്തവുമാകുമെന്നാണ് മുന്നറിയിപ്പ്.
അങ്ങിനെയിരിക്കെ കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ച മഴയിലും പൊടിക്കാറ്റിലും മരിച്ചവരുടെ എണ്ണം 100 കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യത ഉള്ളതായി അധികൃതര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം പേര്‍ മരിച്ചത്. 64 പേര്‍ക്ക അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. രാജസ്ഥാനില്‍ 35ഉം ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും മരിച്ചതായാണ് കണക്ക്.
ചുഴലിക്കാറ്റിലും മിന്നലിലും നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ കടപൂഴകുകയും ചെയ്തിട്ടുണ്ട്. പലയിടത്തും വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. വീടിനുള്ളില്‍ ഉറങ്ങി കിടന്നവരാണ് അപകടത്തില്‍ പെട്ട കൂടുതല്‍ പേരും. വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞാണ് പലരും മരിച്ചത്. പൊടിക്കാറ്റിന് ശമനം ഉണ്ടാകുന്നതു വരെ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.












